അമേരിക്കയിൽ പട്ടാപ്പകൽ ജ്വല്ലറിയിൽ വൻ കവർച്ച

കാലിഫോർണിയ : അമേരിക്കയിൽ പട്ടാപ്പകൽ ജ്വല്ലറിയിൽ വൻ കവർച്ച. കാലിഫോർണിയയിലെ സാൻ റാമോൺ നഗരത്തിലെ ഹെല്ലർ ജ്വല്ലേർസിലാണ് കവർച്ച നടന്നത്. 25 ഓളം പേരടങ്ങുന്ന സംഘം പട്ടാപ്പകൽ ജ്വല്ലറിയിലേക്ക് ഇരച്ചുകയറി പത്ത് ലക്ഷം ഡോളർ വിലമതിക്കുന്ന ആഭരണങ്ങൾ കൊള്ളയടിക്കുകയായിരുന്നു. വിവരമറിഞ്ഞ് അതിവേഗം സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ പിന്തുടർന്നു. സംഘാംഗങ്ങളായ ചിലർ പിടിയിലായതായാണ് വിവരം. തോക്കുകളും വടിവാളുകളും മഴുവും അടക്കം ആയുധങ്ങളുമായാണ് സംഘം കടയിലേക്ക് കയറിയതെന്ന് ജ്വല്ലറി ജീവനക്കാർ പറഞ്ഞു.
കൊള്ള സംഘം ജ്വല്ലറിയുടെ ഗ്ലാസ് ഡോർ തുറക്കാൻ വെടിയുതിർത്തതായി വിവരമുണ്ട്. ആർക്കും പരിക്കേറ്റിട്ടില്ല. ആറ് വാഹനങ്ങളിലായാണ് അക്രമി സംഘം ജ്വല്ലറിക്കടുത്തേക്ക് എത്തിയത്. വാഹനം ജ്വല്ലറിയുടെ തന്നെ പാർക്കിങ് ഏരിയയിൽ നിർത്തിയ ശേഷം ആയുധങ്ങളുമായി ഇവർ ജ്വല്ലറിയിലേക്ക് ഓടിക്കയറുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സാൻ റാമോൺ പൊലീസാണ് പ്രതികളെ പിന്തുടർന്നത്. എന്നാൽ കൊള്ളസംഘം മണിക്കൂറിൽ 100 മൈൽ വേഗത്തിൽ വാഹനം ഓടിച്ച് മുന്നോട്ട് പോയതിനാൽ പൊലീസിന് ഇവരെ പിന്തുടരാൻ സാധിച്ചില്ല.
തുടർന്ന് ഡ്രോൺ ദൃശ്യങ്ങൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവയുടെ സഹായത്തോടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് കൊള്ളയിൽ എത്രത്തോളം പങ്കുണ്ടെന്ന കാര്യം പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഡബ്ലിൻ, ഓക്‌ലൻഡ് എന്നിവിടങ്ങളിലായാണ് ഏഴ് പേർ പിടിയിലായത്. ഇവരിലൊരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും വിവരമുണ്ട്. 17 നും 31 നും ഇടയിൽ പ്രായമുള്ളവരാണ് ഇവരെല്ലാം. എല്ലാവരും ഓക്‌ലൻഡ് സ്വദേശികളാണ്. കൊള്ളയടിച്ചതിൽ കുറച്ച് ആഭരണങ്ങളും പ്രതികൾ ഉപയോഗിച്ച വാഹനങ്ങളും പൊലീസ് കണ്ടെത്തി.