പാരീസിൽ ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

പാരീസ് : ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ അപമാനിക്കാൻ ശ്രമിക്കുന്ന വീഡിയോ വൈറലായി. പിന്നാലെ യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. പാരീസിലാണ് സംഭവം. ബ്രസീൽ സ്വദേശിയായ ജോർദ്ദാന ഡയസ് എന്ന 26കാരിയേയാണ് ആളൊഴിഞ്ഞ ട്രെയിനിലെ കംപാർട്ട്മെന്റിൽ വച്ച് യുവാവ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. 26കാരിയുടെ നിലവിളി കേട്ട സഹയാത്രിക ഫോണിൽ അക്രമിയുടെ വീഡിയോ പകർത്താൻ ശ്രമിച്ചതോടെ യുവാവ് കംപാർട്ട്മെന്റിലൂടെ ഓടിയ ശേഷം അടുത്ത സ്റ്റേഷനിലിറങ്ങി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ വസ്ത്രങ്ങൾ വലിച്ചഴിക്കാൻ ശ്രമിച്ച ശേഷം രക്ഷപ്പെടുന്ന യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. ഫ്രാൻസിൽ സ്ത്രീ സുരക്ഷ വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെട്ട സംഭവം നടന്നത് ഒക്ടോബർ ആദ്യമായിരുന്നു.
ഈ സംഭവത്തിലെ പ്രതിയെയാണ് വെള്ളിയാഴ്ച ട്രാൻസ്പോർട്ട് പൊലീസ് പിടികൂടിയത്. പശ്ചിമ ഫ്രാൻസിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. എന്നാൽ ഇയാളെ പൊലീസ് കണ്ടെത്തിയത് എങ്ങനെയാണെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. നിലവിൽ യുവാവിന്റെ പേര് പൊലീസ് പുറത്ത് വിട്ടിട്ടില്ലെങ്കിലും 26കാരനായ ഈജിപ്തിൽ നിന്നുള്ള യുവാവാണ് അറസ്റ്റിലായത്. ഒക്ടോബർ 15ന് തെക്ക് കിഴക്കൻ പാരീസിലെ ചോയ്സി ലെ റോയി സ്റ്റേഷനും വില്ലേനുവേ ലേ റോയ് സ്റ്റേഷനും ഇടയിൽ വച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്.
കറുത്ത നിറത്തിലുള്ള ട്രാക്ക് സ്യൂട്ടും തൊപ്പിയുമായിരുന്നു അതിക്രമ സമയത്ത് യുവാവ് ധരിച്ചിരുന്നത്. ബ്രസീലിയൻ സ്വദേശിയുടെ കരച്ചിൽ കേട്ട് വീഡിയോ ചിത്രീകരിച്ച യുവതിയോട് മാറി നിൽക്കാൻ യുവാവ് ആവശ്യപ്പെടുന് ശബ്ദമടക്കം ആണ് പുറത്ത് വന്ന വീഡിയോയിലുള്ളത്. ഫ്രെഞ്ച് യുവതി എമർജൻസി ബട്ടൻ അമർത്തിയതോടെ നിർത്തിയ ട്രെയിനിൽ നിന്ന് ഇയാൾ പ്ലാറ്റ്ഫോമിൽ ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. വീഡിയോ ദൃശ്യങ്ങൾ എടുത്ത ഫ്രെഞ്ച് സ്വദേശിനിയുടെ ഇടപെടലാണ് 26കാരിയെ രക്ഷിച്ചത്. 26കാരിയുടെ മൊഴി പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഫ്രാൻസിൽ പൊതുഗതാഗത മാർഗങ്ങളിൽ സ്ത്രീകൾ നേരിടേണ്ടി വരുന്ന വെല്ലുവിളികളിലൊന്ന് എന്ന തരത്തിലാണ് വീഡിയോ ഫ്രാൻസിൽ വൈറലായത്.



