മുംബൈ നഗരത്തെ പിടിച്ചുകുലുക്കിയ ബോംബ് ഭീഷണി സന്ദേശം അയച്ചയാൾ പിടിയിൽ

മുംബൈ : മുംബൈ നഗരത്തെ പിടിച്ചുകുലുക്കിയ വ്യാജ ബോംബ് ഭീഷണി സന്ദേശത്തിന് പിന്നില്‍ ജ്യോതിഷി. പട്ന സ്വദേശിയായ 51 കാരന് അശ്വിനി കുമാറിനെ (51) യാണ് അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ 5 വര്‍ഷമായി യുപിയിലെ നോയിഡയില്‍ താമസിക്കുകയായിരുന്ന അശ്വിനി കുമാര്‍ തന്റെ പഴയ സുഹൃത്തിന് ‘എട്ടിന്റെ പണി’ കൊടുക്കാനാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചത്. 2023ല്‍ പട്നയില്‍ വച്ച് ഫിറോസ് തനിക്കെതിരെ കേസ് ഫയല്‍ ചെയ്തതിനെത്തുടര്‍ന്ന് അശ്വിനി കുമാര്‍ മൂന്ന് മാസം ജയിലില്‍ കിടന്നിരുന്നു. ഇതിന് പ്രതികാരം ചെയ്യാനാണ് ഫിറോസിന്റെ പേരില്‍ മുംബൈ ട്രാഫിക്ക് പൊലീസിന്റെ വാട്സ്ആപ്പ് ഹെല്പ്പ്ലൈന് നമ്പറിലേക്ക് അശ്വിനി ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ചത്.
പ്രതിയിലേക്ക് എത്താന്‍ മുംബൈ പൊലീസ് ആദ്യം സഹായം അഭ്യര്‍ഥിച്ചത് യുപി നോയിഡ പൊലീസിനെയാണ്. സിസിടിവി ദൃശ്യങ്ങള്‍, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് ബോംബ് ഭീഷണി സന്ദേശം അയച്ചത് അശ്വിനി കുമാറാണെന്ന് മുംബൈ പൊലീസ് കണ്ടെത്തിയത്. നോയിഡയിലെ സെക്ടര്‍ 79ല്‍ പ്രതിയുടെ ലൊക്കേഷന്‍ കണ്ടെത്തി. വൈകാതെ സ്പെഷല്‍ വെപ്പണ്‍സ് ആന്‍ഡ് ടാക്റ്റിക്സ് (സ്വാറ്റ്) സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയില്‍ നിന്ന് ഏഴ് മൊബൈല്‍ ഫോണുകള്‍, മൂന്ന് സിം കാര്‍ഡുകള്‍, ഒന്നിലധികം ഡിജിറ്റല്‍ സ്റ്റോറേജ് ഉപകരണങ്ങള്‍ എന്നിവയും സ്വാറ്റ് സംഘം കണ്ടെത്തി. ഇയാളെ പിന്നീട് മുംബൈ പൊലീസിന് കൈമാറി. അശ്വിനി കുമാറിനെതിരെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 351 (ക്രിമിനല്‍ ഭീഷണി), ഉപവകുപ്പ് 2,3,4 എന്നിവ പ്രകാരവുമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം ബോംബ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ ആശ്വാസത്തിലാണ് മുംബൈ നിവാസികള്‍. എന്നിരുന്നാലും ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ അവസാന ദിവസമായ ഇന്ന് മുംബൈ പൊലീസ് വിപുലമായ സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഗതാഗതം നിയന്ത്രിക്കുന്നതിനും, ഗണേശ വിഗ്രഹ നിമഞ്ജനത്തിനുള്ള വഴികളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും എഐ സാങ്കേതിക വിദ്യയുടെ സഹായം ഉപയോഗിക്കുന്നുണ്ടെന്നും മുംബൈ പൊലീസ് അറിയിച്ചു. നഗരം മുഴുവന്‍ പട്രോളിങ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. നഗരത്തില്‍ നിമഞ്ജന് ഘോഷയാത്ര അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഓഗസ്റ്റ് 27നാണ് ഗണേശോത്സവത്തിന്റെ ഭാഗമായുള്ള 10 ദിവസത്തെ ആഘോഷങ്ങള്‍ ആരംഭിച്ചത്.