മമ്മൂക്കാക്കിന്ന് 74-ാം പിറന്നാൾ

കൊച്ചി : മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് 74-ാം പിറന്നാൾ. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആറുമാസമായി താരം ചെന്നൈയിൽ വിശ്രമത്തിലാണ്. പിറന്നാൾ ദിനമായ ഇന്ന് മമ്മൂട്ടി ആരാധകരെ അഭിസംബോധന ചെയ്യുമെന്നാണ് സൂചന. താരത്തിന്റെ പുതിയ വേഷം കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ.
കാലിടറിയപ്പോഴെല്ലാം മലയാള സിനിമയെ ഒറ്റയ്ക്ക് തോളിലേറ്റിയ കരുത്താണ് മലയാളിക്ക് മമ്മൂട്ടി. മലയാളത്തിന്റെ മെഗാസ്റ്റാറിനെ കാണാത്ത ആറുമാസം പ്രാർഥനകളോടെയാണ് സിനിമാ പ്രേമികൾ കഴിച്ചുകൂട്ടിയത്. അസുഖം ഭേദമായി തിരികെ വരുന്ന മമ്മൂട്ടിയെ കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ. പുതിയ വേഷത്തിൽ എല്ലാവരെയും ഞെട്ടിക്കുമെന്ന് ഉറപ്പാണ്.
ജിതിൻ കെ. ജോസിന്റെ കളങ്കാവൽ ആണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനുള്ള അടുത്തചിത്രം. പ്രതിനായക വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നതെന്നാണ് സൂചനകൾ. മോഹൻലാലുമൊത്ത് അഭിനയിക്കുന്ന ശ്രീലങ്കയിൽ ചിത്രീകരിക്കുന്ന മഹേഷ് നാരായണന്റെ ബിഗ് ബജറ്റ് ചിത്രത്തിലേക്കാകും മമ്മൂട്ടി ജോയിൻ ചെയ്യുക.
30 വർഷമായി വെള്ളിത്തിരയ്ക്ക് അകത്തും പുറത്തും പലവിധ പ്രതിസന്ധികളെ മമ്മൂട്ടി തരണം ചെയ്യുന്നു. ഇതും തരണം ചെയ്യും. ഇതുവരെയും കീഴടക്കാത്ത പ്രായത്തെ തോൽപ്പിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ തിരിച്ചുവരും. ഇനിയും നൂറുകണക്കിന് നായകന്മാർക്ക് കാമ്പും കാതലും നൽകും. ആ നിമിഷം കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.