കേരളം

എല്ലാവർക്കും സർവ്വശക്തനും സ്നേഹവും നന്ദിയും; പിറന്നാൾ ദിനത്തിൽ ഏവർക്കും നന്ദി പറഞ്ഞുകൊണ്ട് മമ്മൂട്ടി

കൊച്ചി : പിറന്നാൾ ദിനത്തിൽ ഏവർക്കും നന്ദി പറഞ്ഞുകൊണ്ട് മമ്മൂട്ടി പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 369 എന്ന തന്റെ പ്രിയപ്പെട്ട നമ്പറുള്ള ബ്ലാക്ക് കളർ ടൊയോട്ട ലാൻഡ് ക്രൂയിസറിൽ ചാരി കടലിലേക്കു നോക്കി നിൽക്കുന്ന മമ്മൂട്ടിയെ ആണ് ചിത്രത്തിൽ കാണാനാവുക. എല്ലാവർക്കും സ്നേഹവും നന്ദിയും അറിയിച്ചിട്ടുണ്ട് പ്രിയ താരം.

“എല്ലാവർക്കും സർവ്വശക്തനും സ്നേഹവും നന്ദിയും” എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. എപ്പോഴത്തെയും പോലെ തന്നെ മമ്മൂട്ടിയുടെ പുതിയ ചിത്രവും സോഷ്യൽ മീഡിയയിൽ തരം​ഗമായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് മമ്മൂക്കയുടെ പുതിയ ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്.

‘സായന്തനത്തിന്റെ കണ്ണിൽ ശ്രുതിസാഗരം തിളങ്ങിചാരേ കൺതുറന്നതോ സുവർണ്ണതാരകം’, ‘ഈ തിരിച്ചു വരവിന് ഒരു മടങ്ങി പോക്ക് ഇല്ല എന്ന് വിശ്വസിക്കുന്നു’, ‘മലയാളത്തിൽ ഒരേ ഒരു രാജാവ്, ഒടുവിൽ ആ ദിവസം വന്നെത്തി “രാജാവ് തിരിച്ചെത്തി”, ‘തീരത്ത് തിരയിലെ താരം, രാജാവിന്റെ വരവിനായി ജനങ്ങൾ കാത്തിരുന്നു ഒടുവിൽ ആ ദിവസം വന്നെത്തി രാജാവ് തിരിച്ചു വന്നു’- എന്നൊക്കെയാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.

അതേസമയം താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ആറു മാസമായി താരം ചെന്നൈയിൽ വിശ്രമത്തിലാണ്. മലയാളത്തിന്റെ മെഗാസ്റ്റാറിനെ കാണാത്ത ആറുമാസം പ്രാർഥനകളോടെയാണ് സിനിമാ പ്രേമികൾ കഴിച്ചുകൂട്ടിയത്.

അസുഖം ഭേദമായി തിരികെ വരുന്ന മമ്മൂട്ടിയെ കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ. ജിതിൻ കെ ജോസിന്റെ കളങ്കാവൽ ആണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. പ്രതിനായക വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നതെന്നാണ് സൂചനകൾ. മോഹൻലാലുമൊത്ത് അഭിനയിക്കുന്ന ശ്രീലങ്കയിൽ ചിത്രീകരിക്കുന്ന മഹേഷ് നാരായണന്റെ ബിഗ് ബജറ്റ് ചിത്രം പേട്രിയറ്റിലാകും മമ്മൂട്ടി ഇനി ജോയിൻ ചെയ്യുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button