‘തിരിച്ചു വരാൻ കഴിഞ്ഞതിൽ സന്തോഷം’; എട്ട് മാസത്തിനു ശേഷം കേരളത്തിലെത്തി മമ്മൂട്ടി

കൊച്ചി : നടൻ മമ്മൂട്ടിയുടെ പുതിയ വിശേഷങ്ങളറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. മമ്മൂക്കയുടെ പുതിയ വിഡിയോകൾക്കും ഫോട്ടോകൾക്കുമൊക്കെ സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന സ്വീകാര്യത തന്നെ അതിന് തെളിവാണ്. ഇപ്പോഴിതാ എട്ട് മാസങ്ങൾക്ക് ശേഷം കേരളത്തിലെത്തിയിരിക്കുകയാണ് മെഗാസ്റ്റാർ. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മമ്മൂട്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയത്.
വെല്‍ക്കം ബാക്ക് മമ്മൂക്ക എന്ന ആരാധകരുടെ ആശംസയ്ക്ക് നന്ദി എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മഹേഷ് നാരായണൻ ചിത്രം പാട്രിയറ്റിന്റെ ചിത്രീകരണത്തിന് യുകെയിലായിരുന്ന മമ്മൂട്ടി ചെന്നൈ വഴിയാണ് കൊച്ചിയിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തിരിച്ചെത്തിയ മമ്മൂട്ടി തന്റെ പുതിയ ലാന്‍ഡ് ക്രൂയിസര്‍ എസ്‌യുവി ഡ്രൈവ് ചെയ്താണ് വീട്ടിലേക്ക് മടങ്ങിയത്.
മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത്, നിര്‍മാതാവ് ആന്റോ ജോസഫ്, അന്‍വര്‍ സാദത്ത് എംഎല്‍എ തുടങ്ങിയവര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് അദ്ദേഹം കേരളത്തില്‍ നിന്ന് ചെന്നൈയിലേക്ക് പോയത്. നീണ്ട നാളത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലേയ്ക്ക് പോയി.
പാട്രിയറ്റിന്റെ ഷൂട്ടിങ്ങിനിടെയാണ് മമ്മൂട്ടി ചികിത്സയ്ക്കായി ഇടവേളയെടുത്തത്. കഴിഞ്ഞമാസമാണ് അദ്ദേഹം പൂര്‍ണ ആരോഗ്യവാനായെന്നുള്ള വിവരം താരത്തിന്റെ അടുത്ത സുഹൃത്തുക്കളായ നിര്‍മാതാവ് ആന്റോ ജോസഫും ജോര്‍ജും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
17 വര്‍ഷത്തിനുശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണ് പാട്രിയറ്റ്. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമേ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ഗ്രേസ് ആന്റണി എന്നിവരും ചിത്രത്തിലുണ്ട്.



