മാൾട്ടയിലെ മണിക്കൂർ വേതന നിരക്ക് യൂറോപ്യൻ യൂണിയൻ ശരാശരിയേക്കാൾ ഏറെ താഴെ
മാൾട്ടയിലെ വേതനനിരക്ക് യൂറോപ്യൻ യൂണിയൻ ശരാശരിയേക്കാൾ ഏറെ താഴെയെന്ന് കണക്കുകൾ. 2016 നു ശേഷം മാൾട്ടയിൽ ശമ്പള വർധന ഉണ്ടായിട്ടില്ലെന്നും കഴിഞ്ഞയാഴ്ച പുറത്തുവന്ന യൂറോപ്യൻ യൂണിയൻ ഡാറ്റയിൽ വ്യക്തമാക്കുന്നു. ബൾഗേറിയ, റൊമാനിയ , ഹംഗറി, ലാത്വിയ എന്നീ രാജ്യങ്ങളാണ് ശമ്പള നിരക്കിൽ മാൾട്ടയേക്കാൾ പിന്നിലുള്ളത്. ബൾഗേറിയയിലാണ് ഏറ്റവും കുറച്ചു ശമ്പളമുള്ളത്.
യൂറോപ്യൻ യൂണിയനിലെ ശരാശരി പ്രതി മണിക്കൂറിലെ ശമ്പളം 31.8 യൂറോയാണ്. മാൾട്ടയിൽ ഇത് 14.2 യൂറോ മാത്രമാണ്. എന്നാൽ ബൾഗേറിയയിൽ കേവലം 9.3 യൂറോ മാത്രമാണ് മണിക്കൂറിലെ വേതന നിരക്ക്. വെസ്റ്റേൺ സെൻട്രൽ യൂറോപ്യൻ രാജ്യങ്ങളിൽ പോർച്ചുഗലിൽ മാത്രമാണ് മാൾട്ടക്ക് തുല്യമായ വേതനമുള്ളത്- മണിക്കൂറിൽ 17 യൂറോ. അയൽരാജ്യമായ ഇറ്റലി 29.8 യൂറോ നൽകുമ്പോൾ ഈ പട്ടികയിൽ ഏറ്റവും മുകളിൽ ഉള്ളത് ലക്സംബർഗ് ആണ് – 53.9 യൂറോയാണ് ആ രാജ്യം നൽകുന്നത്. നോർവേ, ഐസ്ലാൻഡ്, ഡെന്മാർക്ക് എന്നീ രാജ്യങ്ങളിലും ഏറെക്കുറെ സമാനമായ നിരക്കുണ്ട്.
മറ്റു യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി 2016 മുതൽക്കേ മാൾട്ടയിൽ ശമ്പളം കാര്യമായി വർധിച്ചിട്ടില്ല. 2020 ൽ ഓരോ മണിക്കൂറിലും ലഭിക്കുന്ന വേതന നിരക്ക് 13 .2 യൂറോ വരെ താഴ്ന്നു പോയിരുന്നു. കഴിഞ്ഞ വർഷം നേരിയ തോതിൽ ഉയർന്ന് 14.2 യൂറോ വരെയായി.