മാൾട്ടയിലെ ആദ്യത്തെ വളർത്തുമൃഗങ്ങളുടെ സ്മാരകം ഉടൻ
മാള്‍ട്ടയിലെ ആദ്യത്തെ വളര്‍ത്തുമൃഗങ്ങളുടെ സ്മാരകം ഉടന്‍ ഉദ്ഘാടനം ചെയ്യും. ത’ഖാലിയിലാണ് വളര്‍ത്തുമൃഗങ്ങളുടെ സ്മാരകം വരുന്നത്. സ്മാരകം വളര്‍ത്തുമൃഗങ്ങളുടെ സെമിത്തേരി ആയിരിക്കില്ല മറിച്ച് , അവരുടെ ഓര്‍മക്കായി ശാന്തമായി സമയം ചെലവിടാനുള്ള ഇടമായിരിക്കുമെന്ന് മൃഗാവകാശ പാര്‍ലമെന്ററി സെക്രട്ടറി അലിസിയ ബുഗേജ പറഞ്ഞു.
വളര്‍ത്തുമൃഗങ്ങളുടെ ഓര്‍മക്കായി സ്മാരകത്തില്‍ ചെറിയ പ്രതീകങ്ങള്‍ എന്തെങ്കിലും സൂക്ഷിക്കാന്‍ വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ക്ക് അവസരം നല്‍കും. ബെഞ്ചുകളും ചെടികളുമായി ഒരു ഗൗരവതരമായ സ്മാരകയിടം എന്ന നിലയിലാകും നിര്‍മാണം പൂര്‍ത്തീകരിക്കുക. ഈ വര്‍ഷം ഇതുവരെ മൃഗസംരക്ഷണ വകുപ്പിന് 15,000ത്തിലധികം കോളുകള്‍ സഹായത്തിനും റിപ്പോര്‍ട്ടുകള്‍ക്കും അഭ്യര്‍ത്ഥനകള്‍ക്കുമായി ലഭിച്ചതായി അവര്‍ പറഞ്ഞു. 2022ല്‍ ഡയറക്ടറേറ്റിന് 5,000 കോളുകള്‍ മാത്രമാണ് ലഭിച്ചത്.
മാള്‍ട്ടയിലെ മൃഗാവകാശങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി ഒരു പൊതു രജിസ്റ്റര്‍ ഉടന്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങളെ ദുരുപയോഗം ചെയ്യുന്നവരുടെ കേസുകള്‍ സംബന്ധിച്ച് മൃഗസംരക്ഷണ കമ്മീഷണറെ അറിയിക്കാനും മജിസ്‌ട്രേറ്റിന് ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.