മാൾട്ടാ വാർത്തകൾ

കഴിഞ്ഞ വർഷം മാൾട്ടക്ക് ലഭിച്ചത് 600 പുതിയ അഭയാർത്ഥി അപേക്ഷകൾ

അഭയം തേടി കഴിഞ്ഞ വര്‍ഷം മാള്‍ട്ടക്ക് ലഭിച്ചത് 600 പുതിയ അപേക്ഷകള്‍. 2023 അവസാനിച്ചപ്പോള്‍ ഇത്തരത്തിലുള്ള 833 കേസുകളാണ് മാള്‍ട്ട
തീര്‍പ്പ് കല്‍പ്പിക്കാതെ മാറ്റിവെച്ചിട്ടുള്ളത്. യൂറോപ്യന്‍ കൗണ്‍സില്‍ ഓണ്‍ റെഫ്യൂജീസ് ആന്‍ഡ് എക്‌സൈല്‍സ് നിയന്ത്രിക്കുന്ന അസൈലം ഇന്‍ഫര്‍മേഷന്‍ ഡാറ്റാബേസ് (AIDA) വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍, മാള്‍ട്ട ഉള്‍പ്പെടെ 23 രാജ്യങ്ങളിലെ അഭയാര്‍ത്ഥി സാഹചര്യങ്ങളെകുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.

റിപ്പോര്‍ട്ട് അനുസരിച്ച്, മാള്‍ട്ടയ്ക്ക് ലഭിച്ച 600 അപേക്ഷകളില്‍ 491 എണ്ണം ആദ്യമായി അപേക്ഷിക്കുന്നവരാണ്. 76 അപേക്ഷകള്‍ ആവര്‍ത്തിക്കപ്പെടുന്നതാണ്. അപേക്ഷകരില്‍ ഭൂരിഭാഗവും (119) സിറിയയില്‍ നിന്നുള്ളവരാണ്, 116 പേര്‍ ബംഗ്ലാദേശില്‍ നിന്നും 75 പേര്‍ സുഡാനില്‍ നിന്നും 33 പേര്‍ ലിബിയയില്‍ നിന്നുമാണ്. 30 പേര്‍ ഉക്രെയ്‌നില്‍ നിന്നുള്ളവരാണ്. ഈ അഞ്ച് രാജ്യങ്ങളില്‍ നാലെണ്ണം സംഘര്‍ഷമോ ഗുരുതരമായ അസ്ഥിരതയോ അനുഭവിക്കുന്ന രാജ്യങ്ങളാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ആദ്യഘട്ടത്തില്‍ എടുത്ത
951 തീരുമാനങ്ങളില്‍ 488 എണ്ണവും വ്യക്തിപരമായ അഭിമുഖം കൂടാതെയാണ് എടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അപേക്ഷകന്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് അന്താരാഷ്ട്ര സംരക്ഷണ ഏജന്‍സിയോട് വിശദീകരിക്കുക എന്നതാണ് വ്യക്തിഗത അഭിമുഖത്തിന്റെ ഉദ്ദേശ്യം.മാള്‍ട്ടയുടെ മൊത്തത്തിലുള്ള സംരക്ഷണ നിരക്ക് 27.9% ആണ് (265 കേസുകള്‍). 18 കേസുകള്‍ അഭയാര്‍ത്ഥികളായി അംഗീകരിക്കപ്പെട്ടു,
241 പേര്‍ക്ക് അനുബന്ധ പരിരക്ഷയും ആറിന് താല്‍ക്കാലിക മാനുഷിക സംരക്ഷണവും ലഭിച്ചു. ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപ്പീല്‍
ട്രിബ്യൂണല്‍ നാല് കേസുകളില്‍ അഭയാര്‍ത്ഥി പദവി അംഗീകരിക്കുകയും
വര്‍ഷത്തില്‍ എടുത്ത 595 തീരുമാനങ്ങളില്‍ അഞ്ച് കേസുകളില്‍ അനുബന്ധ പരിരക്ഷ നല്‍കുകയും ചെയ്തു.

അപ്പീല്‍ നടപടിക്രമത്തിന്റെ ശരാശരി ദൈര്‍ഘ്യം 452 ദിവസമാണ് . ഈ ദൈര്‍ഘ്യം പല അഭയാര്‍ത്ഥികളെയും ദീര്‍ഘകാലത്തേക്ക് അനിശ്ചിതത്വത്തിലാക്കുന്നു. ദ്രുതഗതിയില്‍ മാള്‍ട്ട തീരുമാനമെടുത്ത എടുത്ത 191 തീരുമാനങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് അഭയാര്‍ത്ഥികളായി അംഗീകരിക്കപ്പെട്ടത്, ഒരെണ്ണത്തിന് അനുബന്ധ സംരക്ഷണം ലഭിച്ചു.  ബാക്കിയുള്ള 188 എണ്ണം നിരസിക്കപ്പെട്ടു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button