മാൾട്ടയിലെ പൊതുസേവന സ്ഥാപനങ്ങളിൽ കാഷ് പേയ്‌മെന്റിന് വിലക്കില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്
പണമിടപാടുകള്‍ കാര്‍ഡ് പേയ്മെന്റുകളിലൂടെ മാത്രമെന്ന ട്രാന്‍സ്പോര്‍ട്ട് മാള്‍ട്ടയുടെയും
ഐഡന്റിറ്റി മാള്‍ട്ടയുടെ സേര്‍ച്ച് യൂണിറ്റിന്റെയും നിലപാടുകള്‍ക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ്. കാഷ് പേയ്മെന്റ് ഒഴിവാക്കണമെന്ന പൊതു നിര്‍ദേശം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് വ്യക്തമാക്കിയതായി മാള്‍ട്ട ടുഡേ.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സ്ഥാപനങ്ങള്‍ക്ക് എതിരായി വന്ന വ്യാപക പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ വിശദീകരണം .
കാഷ് പേയ്മെന്റുകള്‍ സ്വീകരിക്കുന്നത് മാള്‍ട്ടയില്‍ നിയമവിധേയമായ ഒന്നാണ്. ഉയര്‍ന്ന തുകയുടെ പണമിടപാടുകള്‍ക്ക് മാത്രമാണ് ചില നിയന്ത്രണങ്ങള്‍ ഉള്ളത്. ആ പരിധിയുടെ കീഴില്‍ വരാത്ത ഇടപാടുകളില്‍ കാര്‍ഡ് പേയ്മെന്റ് വേണമെന്ന് ശഠിക്കുന്നത് നിയമവിരുദ്ധമായ കാര്യമാണ്, നിയമ ലംഘനമാണ്- പൊതു സേവനത്തിന്റെ ഉത്തരവാദിത്തമുള്ള പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് പറഞ്ഞു.
ട്രാന്‍സ്പോര്‍ട്ട് മാള്‍ട്ടയും ഐഡന്റിറ്റി മാള്‍ട്ടയും മാത്രമാണോ പണരഹിത നയം സ്വീകരിച്ചിട്ടുള്ള രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്ന് വ്യക്തമല്ല. ക്യാഷ് പേയ്മെന്റുകളും സ്വീകരിക്കാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ എന്ന് പ്രത്യേകം ചോദിച്ചതിന് വക്താവ് മറുപടി നല്‍കിയില്ല.നിലവില്‍ പതിനായിരം യൂറോക്ക് മുകളില്‍ വില വരുന്ന
കാറുകള്‍, കലാവസ്തുക്കള്‍ ,മറ്റു വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ വാങ്ങുമ്പോള്‍ മാത്രമാണ് മാള്‍ട്ടയില്‍ കാഷ് പേയ്മെന്റിനു വിലക്കുള്ളത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനാണ് ഈ ഉയര്‍ന്ന ആഡംബര ഉല്‍പ്പന്നങ്ങളുടെ പണ നിയന്ത്രണം.