മാള്‍ട്ടയിയിൽ മലയാളി വസന്തം;ഏജന്‍സികള്‍ അവസരം തേടി വന്നതോടെ അനേകം പേരെത്തി തുടങ്ങി; ഒപ്പം നാട്ടുകാരുടെ വക പരാതികളും; അന്തിമ ലക്ഷ്യം യുകെ
യൂറോപ്പിലെ ഏറ്റവും ചെറിയ രാജ്യങ്ങളില്‍ ഒന്നായ മാള്‍ട്ടയിലും ഇപ്പോള്‍ മലയാളി വസന്തം. യുകെയിലേക്ക് എത്താനുള്ള എളുപ്പ വഴിയായി മാള്‍ട്ടയെ വര്‍ഷങ്ങളായി വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഇയ്യിടെയായി യോഗ്യത ഉള്ളവരും ഇല്ലാത്തവരും ആയവരുടെ കുത്തൊഴുക്കാണ് ഈ ചെറു രാജ്യത്തേക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് അവിടെയുള്ള മലയാളികള്‍ തന്നെ പരാതിപ്പെടുന്നു.
യുകെയില്‍ അടുത്തിടെയായി കുടിയേറ്റക്കാരുടെയും വിദ്യാര്‍ത്ഥി വിസക്കാരുടെയും എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ വീടുകളുടെ ലഭ്യത കുറഞ്ഞതും ആശുപത്രികളിലും സ്‌കൂളുകളിലും പ്രവേശനം ലഭിക്കാന്‍ പോലും വലിയ കാത്തിരിപ്പ് വേണ്ടി വന്നതിനു സമാനമായ സാഹചര്യമാണ് ഇപ്പോള്‍ മാള്‍ട്ടയിലും സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് അവിടെയുള്ള മലയാളികള്‍ വ്യക്തമാക്കുന്നു.
കുറുക്കു വഴി തേടി എത്തുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനാല്‍ പ്രതീക്ഷിച്ച ജോലിയും ശമ്ബളവും കിട്ടാതാകുമ്ബോള്‍ മറുവഴി തേടുന്നതിനാല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പെടുന്നവരില്‍ ഇന്ത്യന്‍ വംശജരുടെ എണ്ണം ഇരട്ടിയായി മാറിയിട്ടുണ്ട് എന്ന് മാള്‍ട്ടയില്‍ ഉള്ള മാധ്യമങ്ങളില്‍ തന്നെ റിപ്പോര്‍ട്ട് എത്തിയിരുന്നു. മാള്‍ട്ടയില്‍ ആകെയുള്ള ഇന്ത്യക്കാരുടെ എണ്ണം ഔദ്യോഗികമായി 3000 ആണെങ്കിലും അനധികൃത കുടിയേറ്റക്കാര്‍ അടക്കം ഇരട്ടിയോളം പേരുണ്ടാകുമെന്നാണ് അനദ്യോഗിക കണക്ക്. ഇതില്‍ പാതിയും മലയാളികള്‍ ആണെന്നതാണ് ഏറ്റവും ശ്രദ്ധേയം.
താരതമ്യേനേ ദുര്‍ബലമായ കുടിയേറ്റ നടപടി ക്രമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യം എന്നതിനാല്‍ റിക്രൂട്ടിങ് രംഗത്തുള്ള ഏജന്‍സികള്‍ കൊയ്ത്തിനിറങ്ങാന്‍ പറ്റിയ രാജ്യമായി മാള്‍ട്ടയെ കണ്ടെത്തിയതാണ് മലയാളികളുടെ എണ്ണം ക്രമാതീതമായി ഉയരാന്‍ കാരണമായത്. ഷെങ്കന്‍ വിസ ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയും എന്ന സൗകര്യവും മാള്‍ട്ടയെ ആകര്‍ഷക കേന്ദ്രമാക്കി മാറ്റിയ ഘടകമാണ്.
അടുത്ത കാലത്തു തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച റിക്രൂട്ടിംങ് മാഫിയയും ആളെ പിടിക്കാന്‍ ഇറങ്ങിയത് മാള്‍ട്ടയെ ചൂണ്ടിക്കാട്ടി ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഏജന്‍സികള്‍ പറഞ്ഞു പെരുപ്പിക്കുന്ന ശമ്ബളം ലഭിക്കില്ല എന്നത് മാത്രമല്ല മറ്റു പല യൂറോപ്പ്യന്‍ രാജ്യങ്ങളിലേത് പോലെ മാള്‍ട്ടയിലും ജീവിത ചെലവ് ഭീകരമായി വര്‍ധിക്കുകയാണ്. ഭക്ഷണ സാധങ്ങള്‍ക്കൊക്കെ ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ വലിയ വ്യത്യാസം ഉണ്ടെന്ന് പറയാനാകില്ല. വീട്ടു വാടക ഇനത്തില്‍ മാത്രമാണ് അല്‍പമെങ്കിലും ആശ്വാസം ഉണ്ടന്ന് പറയാനാകുന്നത്. അതും സൗകര്യങ്ങള്‍ ഉള്ളതും ടൗണ്‍ സെന്ററുകളോട് ചേര്‍ന്നതുമായ വീടുകള്‍ക്കും ഫ്ളാറ്റുകള്‍ക്കും ഒക്കെ യുകെയിലേതു പോലെ ഉയര്‍ന്ന വാടക നല്‍കുകയും വേണം.