അപകട മരണങ്ങൾ തുടർക്കഥയാകുന്നു, പുതിയ കൺസ്ട്രക്ഷൻ ഡയറക്ടറേറ്റ് സ്ഥാപിക്കുമെന്ന് മാൾട്ട പ്രധാനമന്ത്രി
നിര്‍മാണ മേഖലയില്‍ അപകട മരണങ്ങള്‍ തുടര്‍ക്കഥയാകുന്നു സാഹചര്യത്തില്‍ മാള്‍ട്ട സര്‍ക്കാര്‍ പുതിയ കണ്‍സ്ട്രക്ഷന്‍ ഡയറക്ടറേറ്റ് സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി റോബര്‍ട്ട് അബേല. കഴിഞ്ഞ ശനിയാഴ്ച സ്ലീമയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നു അല്‍ബേനിയന്‍ പൗരന്‍ മരിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പ്രതികരണം. ഈ ഡയറക്ടറേറ്റ് എന്തിന്റെ ഉത്തരവാദിത്തം വഹിക്കുമെന്നോ ആരാണ് അത് പ്രവര്‍ത്തിപ്പിക്കുകയെന്നോ ഉള്ള കൃത്യമായ വിശദാംശങ്ങള്‍ അദ്ദേഹം വിശദീകരിച്ചില്ല.
ജീന്‍ പോള്‍ സോഫിയയുടെ മരണത്തെക്കുറിച്ചു അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാകും കണ്‍സ്ട്രക്ഷന്‍ മേഖലക്കുള്ള പുതിയ മന്ത്രാലയം അടക്കമുള്ള നിയമങ്ങള്‍ വരിക. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, 2022ലും 2023ലും മാള്‍ട്ടയിലെ ജോലിസ്ഥലത്ത് നടന്ന മരണങ്ങളില്‍ പകുതിയിലധികവും നിര്‍മ്മാണ വ്യവസായവുമായി ബന്ധപ്പെട്ടതാണ്.