യൂറോപ്യൻ യൂണിയൻ വാർത്തകൾ

സ്കോട്ട്ലൻഡിലെ കെയർ ഹോമിലെ ബലാത്സംഗ കേസുകളിൽ മലയാളി നഴ്സിന് 7 വർഷം തടവ്

നോർത്ത് ലനാർക്ക്ഷയർ : സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യുകയും മറ്റു രണ്ടു സ്ത്രീകളെ ലൈംഗികമായി അതിക്രമിക്കുകയും ചെയ്ത കേസിൽ മലയാളിയായ നഴ്സിന് ഏഴുവർഷവും ഒൻപത് മാസവും തടവുശിക്ഷ. നോർത്ത് ലനാർക്ക്ഷയറിൽ കെയർ ഹോം മാനേജരായിരുന്ന നൈജിൽ പോളിനെയാണ് ഗ്ലാസ്ഗോ ഹൈക്കോടതി ശിക്ഷിച്ചത്. ഏഴുവർഷം മുൻപാണ് കുറ്റകൃത്യം നടന്നത്. 2018-ൽ കേസെടുത്തെങ്കിലും 2019-ൽ വിചാരണയ്ക്ക് തൊട്ടുമുൻപ് പിതാവിന് അസുഖമാണെന്ന് വിശദമാക്കി നൈജിൽ പോൾ കൊച്ചിയിലേക്ക് കടന്നിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് നൈജിലിനെ ഇന്റർ പോളിന്റെ സഹായത്തോടെ ദില്ലിയിൽ നിന്ന് പിടികൂടിയത്.

ലൈംഗിക ആരോപണ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് 47കാരന് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. പീഡനത്തിനിരയായവരെ കുറ്റപ്പെടുത്തിയായിരുന്നു നൈജിൽ കോടതിയിൽ പെരുമാറിയത്. സ്ത്രീകൾക്ക് സഹായം ചെയ്യുകയായിരുന്നുവെന്നാണ് ഇയാൾ കോടതിയിൽ വാദിച്ചത്. ഒടുവിൽ മറ്റ് വഴികളില്ലാതെ വന്നതോടെ കുറ്റ സമ്മതം നടത്തുകയായിരുന്നു. അവധിയിൽ ആയിരുന്ന 25കാരിയായ സഹപ്രവർത്തക തിരിച്ച് ജോലിയിൽ പ്രവേശിച്ചതോടെയാണ് പീഡന വിവരം പുറത്ത് അറിയുന്നത്.

സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണ് 25കാരി തിരിച്ച് അതേ സ്ഥലത്ത് ജോലിക്കെത്തിയതെന്ന് കോടതി നിരീക്ഷിച്ചു. ഇയാൾ കുറ്റസമ്മതം നടത്തിയതിനാലാണ് കോടതി ശിക്ഷ കുറച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം രണ്ട് വ‍ർഷം യുവാവിന്റെ പേര് ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച വ്യക്തിയായ 47കാരനെ ഇന്റർ പോൾ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button