അയർലൻഡിലെ ഹോട്ടലിൽ യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ ചിത്രീകരിച്ച മലയാളി യുവാവിനെ തടവ് ശിക്ഷയ്ക്ക് ശേഷം നാടുകടത്തും

മാഗാബ്രി : ജോലി ചെയ്തിരുന്ന ഹോട്ടലിലെ താമസക്കാരുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിക്കുന്നതിനിടെ പിടിയിലായ മലയാളി യുവാവിനെ നാട് കടത്തിയേക്കും. നോർത്തേൺ അയർലൻഡിൽ കഴിഞ്ഞ വർഷം ജൂലൈ മാസത്തിലാണ് മലയാളിയും 37കാരനുമായ നിർമൽ വർഗീസ് പിടിയിലായത്. വിചാരണയ്ക്ക് ശേഷം നവംബർ 17ന് യുവാവിന് 14 മാസത്തെ തടവ് ശിക്ഷയ്ക്കും വിധിച്ചിരുന്നു. ബെല്‍ഫാസ്റ്റിന് അടുത്തുള്ള കൊളറെയ്‌നിലലാണ് ഹോട്ടല്‍ ജോലിക്കിടെ അതിഥികളുടെ മുറിയിലെ കിടപ്പറ ദൃശ്യങ്ങൾ ആണ് മലയാളി യുവാവ് പകർത്തിയത്. നിർമലിന്റെ വർക്ക് വിസ റദ്ദാക്കിയേക്കുമെന്നും ശിക്ഷാ കാലാവധിക്ക് ശേഷം നാട് കടത്തിയേക്കുമെന്നാണ് ഒടുവിൽ വരുന്ന വിവരം. ആൻട്രിം ക്രൗൺ കോടതിയാണ് നിർമലിന് തടവ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ യുവാവ് ഇത്തരത്തിൽ ഹോട്ടലിൽ താമസിച്ചിരുന്നവരുടെ കിടപ്പറ രംഗങ്ങൾ ചിത്രീകരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സമാനമായ 16 ലേറെ വീഡിയോ ദൃശ്യങ്ങളാണ് യുവാവിൽ നിന്ന് പൊലീസ് അന്വേഷണത്തിനിടെ കണ്ടെത്തിയത്.
ഹോട്ടലില്‍ ക്ലീനര്‍ ആയി ജോലി ചെയ്യവേ ദമ്പതികളും സ്ത്രീകളും താമസിക്കുന്ന മുറികളില്‍ നിന്നും അവര്‍ വസ്ത്രം മാറുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് നിർമൽ ചിത്രീകരിച്ചിരുന്നത്. വസ്ത്രം മാറാന്‍ സജ്ജമാക്കിയിരുന്ന കർട്ടൻ പോലുള്ള സംവിധാനത്തിന് അടിയിലൂടെ ഗ്ലൗസ് ധരിച്ച കൈകളിൽ നിന്നും മൊബൈൽ ഫോൺ തിരിയുന്നത് കണ്ട യുവതി നിർമലിനെ കയ്യോടെ പിടികൂടുകയായിരുന്നു. നവംബർ 17 ന് ശിക്ഷ വിധിക്കുന്ന സമയത്ത് തനിക്ക് നേരിട്ട ഞെട്ടിക്കുന്ന അനുഭവം ഇരകളിലൊരാൾ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോഴും നീല നിറത്തിലുള്ള ഗ്ലൗസ് കാണുന്നത് ഭയമാണെന്ന് യുവതി കോടതിയിൽ വെളിപ്പെടുത്തിയിരുന്നു.
അടുത്ത പത്ത് വർഷത്തേക്ക് നിർമൽ വർഗീസിന്റെ പേര് ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശത്തോടെയാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. ഇയാളുടെ പക്കലുണ്ടായിരുന്ന ഫോൺ നശിപ്പിച്ച് കളയണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. സ്വന്തം ലൈംഗിക താൽപര്യങ്ങളെ അടക്കി നിർത്താനായി ആയിരുന്നു ഇത്തരം പ്രവർത്തിയെന്നാണ് മലയാളി യുവാവ് കോടതിയിൽ വ്യക്തമാക്കിയത്. ബുഷ്ടൗൺ എന്ന ഹോട്ടലിലായിരുന്നു യുവാവ് ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നത്.



