മുംബൈ ബോട്ട് അപകടത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവുമെന്ന് റിപ്പോര്‍ട്ട്
മുംബൈ : മുംബൈ ബോട്ട് അപകടത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവുമെന്ന് റിപ്പോര്‍ട്ട്. മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നെന്ന് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആറു വയസ്സുകാരന് അറിയിച്ചു. ജെഎന്‍പിടി ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്.
മുംബൈയില്‍ വിനോദസഞ്ചാരത്തിനെത്തിയതാണ് മലയാളി കുടുംബം. കുട്ടിയുടെ മാതാപിതാക്കള്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ ചികിത്സയിലുണ്ടോയെന്ന് അധികൃതര്‍ പരിശോധിച്ചു വരികയാണ്. വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റ് കേവ് ദ്വീപിലേക്ക് പോയ നീല്‍കമല്‍ എന്ന ബോട്ടിലേക്ക് നേവിയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തില്‍ യാത്രാബോട്ട് തലകീഴായി മറിയുകയും, പൂര്‍ണമായി മുങ്ങുകയുമായിരുന്നു. അപകടത്തില്‍ ഇതുവരെ 13 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചികില്‍സയിലുള്ള നാല് പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ 3 നാവിക സേന ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. 101 പേരെ രക്ഷപ്പെടുത്തി.
സംഭവത്തില്‍ നാവികസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നേവിയുടെ സ്പീഡ് ബോട്ട് ഓടിച്ചയാള്‍ക്കെതിരെ കേസെടുത്തു. കടലില്‍ എഞ്ചിന് ട്രയലിനിടെ സ്പീഡ് ബോട്ട്, തകരാര്‍ മൂലം നിയന്ത്രണം നഷ്ടപ്പെട്ട് യാത്രാ ബോട്ടില്‍ ഇടിക്കുകയായിരുന്നു എന്നാണ് നാവികസേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഇന്നലെ വൈകീട്ട് ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപത്ത് വെച്ചാണ് മുംബൈയെ നടുക്കിയ ദുരന്തമുണ്ടായത്.