കേരളം

മോഹന്‍ലാലിന് മലയാളത്തിന്റെ ആദരം

തിരുവനന്തപുരം : അഭിനയ കലയോടും സിനിമ എന്ന മാധ്യമത്തോടുമുള്ള മോഹന്‍ലാലിന്റെ അര്‍പ്പണബോധം പുതുതലമുറ മാതൃകയാക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദാദാ സാഹേബ് ഫാല്‍കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ആദരിക്കുന്ന മലയാളം വാനോളം ലാല്‍സലാം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അര നൂറ്റാണ്ടായി മലയാളിക്ക് എന്നും അഭിമാനിക്കാനുള്ള നേട്ടം മോഹന്‍ലാല്‍ ഉണ്ടാക്കിത്തരുന്നുവെന്നും കേരള സര്‍ക്കാര്‍ അനുമോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ നേട്ടങ്ങളിലെത്താന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

ഇന്ത്യയിലെ ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹന്‍ലാല്‍. മലയാള സിനിമയെ അന്താരാഷ്ട്ര തലത്തില്‍ അടയാളപ്പെടുത്തിയ അടൂര്‍ ഗോപാലകൃഷ്ണന് അംഗീകാരം ലഭിച്ചത് 2004ലാണ്. 20 വര്‍ഷത്തിനുശേഷമാണ് ഈ അംഗീകാരം മലയാളത്തെ തേടിയെത്തുന്നത്. ഇന്ത്യന്‍ സിനിമയിലെ പ്രതിഭകള്‍ക്കൊപ്പം അമൂല്യമായ സിംഹാസനം കരസ്ഥമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ സിനിമയുടെ ഈ ഇതിഹാസതാരമാണ്. മോഹന്‍ലാലിന് ഉള്ള അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരം കൂടിയാണ്. ദേശീയ തലത്തില്‍ മലയാള സിനിമയുടെ കലാമൂല്യം ഉറപ്പിക്കപ്പെട്ടു. ശതാബ്ദിയോടടുത്ത മലയാള സിനിമയില്‍ അരനൂറ്റാണ്ട് കാലമായി നിറഞ്ഞു നില്‍ക്കുകയാണ് മോഹന്‍ലാല്‍ – മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അര നൂറ്റാണ്ടുകാലത്തെ മലയാളിയുടെ സിനിമ ആസ്വാദനത്തില്‍ ഏറ്റവും സൂക്ഷ്മമായി മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിത്യജീവിതത്തില്‍ ഇടയ്‌ക്കെല്ലാം മോഹന്‍ലാല്‍ ആയി പോവുക എന്നത് പോലും ചില മലയാളികളുടെ ശീലമായിയെന്നും അദ്ദേഹം പറഞ്ഞു. നടപ്പിലും ഇരുപ്പിലും നോട്ടത്തിലും ഇത്രത്തോളം മലയാളിയെ സ്വാധീനിച്ച അധികം താരങ്ങള്‍ ഇല്ല. മലയാളിയുടെ അപര വ്യക്തിത്വതമാണ് മോഹന്‍ലാല്‍ എന്ന് എഴുതിയത് വെറുതെയല്ല. പ്രായഭേദമന്യേ മലയാളികള്‍ ലാലേട്ടന്‍ എന്നാണ് വിളിക്കുന്നത്. ഏറ്റവും പ്രിയപ്പെട്ട ഒരാളായി മോഹന്‍ലാലിനെ മലയാളികള്‍ കാണുന്നു. സ്‌ക്രീനിലും പുറത്തും മലയാളികള്‍ മോഹന്‍ലാലിന് ആ ആദരം നല്‍കുന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വഴക്കമേറിയ ശരീരമാണ് മോഹന്‍ലാലിന്റേത്. ജീവിതത്തില്‍ തോറ്റു പോകുന്ന ചില കഥാപാത്രങ്ങള്‍ക്ക് നെഞ്ചുലയ്ക്കുന്ന തലത്തില്‍ കഥാപാത്രങ്ങള്‍ക്ക് മോഹന്‍ലാല്‍ ജീവന്‍ പകര്‍ന്നപ്പോള്‍ അതിനൊപ്പം മലയാളികള്‍ കരഞ്ഞു – മുഖ്യമന്ത്രി പറഞ്ഞു.

അഭിനയ പരീക്ഷണങ്ങളാല്‍ കടഞ്ഞെടുത്ത അസാമാന്യ കഴിവുള്ളയാളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിനെ വിശേഷിപ്പിച്ചു. അദ്ദേഹം അഭിനയിച്ച ചിത്രങ്ങള്‍ ഓരോന്നും മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. അത്രമേല്‍ സ്വാഭാവികമായാണ് മോഹന്‍ലാല്‍ മലയാളിയെ തിരശ്ശീലയില്‍ പകര്‍ത്തിയത്. അഭിനയ കലയോടും സിനിമ എന്ന മാധ്യമത്തോടുമുള്ള മോഹന്‍ലാലിന്റെ അര്‍പ്പണബോധം പുതുതലമുറ മാതൃകയാക്കേണ്ടത്. ഇരുവറിലെ എംജിആറിനെ അനുസ്മരിപ്പിക്കുന്ന ആനന്ദന്‍ എന്ന കഥാപാത്രം മോഹന്‍ലാലിന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രമാണ്. ദക്ഷിണേന്ത്യയിലെ പാന്‍ ഇന്ത്യന്‍ റീച്ചുള്ള സൂപ്പര്‍താരമായി മോഹന്‍ലാല്‍ മാറി. വന്‍ വിജയങ്ങളിലൂടെ മലയാള ചലച്ചിത്ര വ്യവസായത്തെ താങ്ങിനിര്‍ത്തുകയാണ് മാഹന്‍ലാല്‍ – മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button