അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയും സിനിമാതാരവുമായ ടിപി മാധവന് അന്തരിച്ചു

കൊല്ലം: ചലച്ചിത്ര താരം ടി.പി. മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്നു കഴിഞ്ഞ ദിവസം അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടർന്നു വെന്റിലേറ്ററിൽ കഴിയുകയായിരുന്നു.
കഴിഞ്ഞ ഏട്ട് വർഷമായി പത്തനാപുരം ഗാന്ധിഭവനിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയിൽ ആരും ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയൽ സംവിധായകൻ പ്രസാദ് മാധവനെ ഗാന്ധിഭവനിൽ എത്തിക്കുന്നത്. ഗാന്ധിഭവനിൽ എത്തിയ ശേഷം ചില സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു. പിന്നീട് മറവിരോഗം ബാധിക്കുകയായിരുന്നു.
1975ൽ പുറത്തിറങ്ങിയ രാഗം എന്ന ചലച്ചിത്രത്തിലൂടെയാണ് ടി.പി. മാധവൻ സിനിമ ജീവിതം ആരംഭിച്ചത്. നാടോടിക്കാറ്റ്, നരസിംഹം, വിയറ്റ്നാം കോളനി, കളിക്കളം, അയാള് കഥയെഴുതുകയാണ്, സന്ദേശം, ലേലം തുടങ്ങി അറുനൂറോളം സിനിമകളിൽ വേഷമിട്ടു.താര സംഘടനയായ അമ്മയുടെ സ്ഥാപകാംഗമായ ടി.പി. മാധവൻ ആദ്യ ജനറൽ സെക്രട്ടറി കൂടിയാണ്.