കൊച്ചി മെട്രോ ട്രാക്കിൽനിന്നും ചാടിയ യുവാവ് മരിച്ചു, അന്വേഷണം പ്രഖ്യാപിച്ച് കെഎംആർഎൽ

കൊച്ചി : മെട്രോ ട്രാക്കിൽനിന്ന് ചാടിയ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി ചുള്ളിപ്പാറ വീരാശേരി നിസാറാണ് (32) മരിച്ചത്. വ്യാഴം പകൽ രണ്ടരയോടെയാണ് സംഭവം.വടക്കേകോട്ട മെട്രോ സ്റ്റേഷന്റെ ആലുവ ഭാഗത്തേക്കുള്ള പ്ലാറ്റ്ഫോമിനു സമീപത്തെ എമർജൻസി പാസ് വേയിലൂടെയാണ് യുവാവ് ട്രാക്കിലേക്ക് എത്തിയത്.
വടക്കേകോട്ടയിൽനിന്ന് തൃപ്പൂണിത്തുറയ്ക്ക് ടിക്കറ്റെടുത്തശേഷം പ്ലാറ്റ്ഫോമിൽ കടന്ന യുവാവ്, പ്ലാറ്റ്ഫോമും മറികടന്ന് മുന്നിലേക്ക് പോകുകയായിരുന്നു. മെയിന്റനൻസ് ജോലിക്കാരുംമറ്റും കടന്നുപോകുന്ന ഈ ഭാഗത്തുകൂടി യുവാവ് കടന്നുപോയത് ആദ്യം ആരും കണ്ടിരുന്നില്ല. പിന്നീട് യുവാവ് ട്രാക്കിലേക്ക് പ്രവേശിക്കുന്നത് കണ്ടതോടെ മെട്രോ അധികൃതർ വൈദ്യുതിബന്ധം വിച്ഛേദിച്ച് ട്രെയിൻ സർവീസ് നിർത്തി. തുടർന്ന് മെട്രോ അധികൃതർ പൊലീസിനെയും അഗ്നി രക്ഷാസേനയെയും വിവരം അറിയിക്കുകയായിരുന്നു.
പാലത്തിന്റെ കൈവരിയിൽ പിടിച്ച് താഴേക്ക് ചാടാനായി നിൽക്കുന്ന യുവാവിനെ കണ്ട്, താഴെ കൂടിയ നാട്ടുകാരുംമറ്റും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അഗ്നി രക്ഷാസേനാംഗങ്ങൾ താഴെ നെറ്റ് വിരിച്ചുനിന്നു. ഇതിനിടെ രണ്ട് അഗ്നി രക്ഷാസേനാ ഉദ്യോഗസ്ഥർ യുവാവിനെ അനുനയിപ്പിക്കാനായി ട്രാക്കിലൂടെ നടന്ന് അടുത്തെത്തിയപ്പോഴേക്കും യുവാവ് ചാടുകയായിരുന്നു. ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ഉടൻ സമീപത്തെ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. അച്ഛൻ: കുഞ്ഞിമൊയ്തീൻ. അമ്മ: സുലൈഖ. സഹോദരങ്ങൾ: ഫൈസൽ, റംഷീദ്, സഫീന.
വടക്കേകോട്ട മെട്രോ സ്റ്റേഷനുസമീപം വയഡക്ടില്‍നിന്ന് യുവാവ് റോഡിലേക്ക് ചാടി മരിക്കാനിടയായ സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് കെഎംആർഎൽ. ഡയറക്ടറുടെ (സിസ്റ്റംസ്) നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തി സുരക്ഷാസംവിധാനം കൂടുതല്‍ ശക്തമാക്കും. സംഭവത്തെ തുടർന്ന് കടവന്ത്രമുതല്‍ തൃപ്പൂണിത്തുറവരെ പാതയില്‍ 40 മിനിറ്റോളം മെട്രോ സര്‍വീസ് നിര്‍ത്തിവച്ചതായും കെഎംആർഎൽ വാർത്താക്കുറിപ്പിൽ പറഞ്ഞു.