50 വര്‍ഷത്തെ നിഗൂഢതയുടെ ചുരുളഴിഞ്ഞു ; മാൽ (MAL)- പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ഗവേഷകർ

ലണ്ടന്‍: അന്‍പതു വര്‍ഷം നീണ്ടു നിന്ന നിഗൂഢതയുടെ ചുരുള്‍ അഴിച്ച് പുതിയ രക്ത ഗ്രൂപ്പ് കണ്ടെത്തി ഗവേഷകര്‍. ബ്രിസ്റ്റോൾ സര്‍വകലാശാലയുടെ പിന്തുണയോടെ എന്‍എച്ച്എസ് ബ്ലഡ് ആന്റ് ട്രാന്‍സ്പ്ലാന്‍റ് ഗവേഷകരാണ് മാൽ (MAL) എന്ന് പേരിട്ടിരിക്കുന്ന പുതിയ രക്തഗ്രൂപ്പ് കണ്ടെത്തിയത്. കണ്ടെത്തല്‍ ആരോഗ്യ മേഖലയിൽ പുത്തൻ വഴിത്തിരിവാകുമെന്നും ആയിരക്കണക്കിന് ജീവൻ സംരക്ഷിക്കാൻ സഹായിക്കുമെന്ന് എന്‍എച്ച്എസ് ഗവേഷകര്‍ പറയുന്നു.
ഓരോരുത്തർക്കും അവരുടെ ചുവന്ന രക്താണുക്കൾക്ക് ഉപരിതലത്തിൽ ആൻ്റിജനുകൾ എന്നറിയപ്പെടുന്ന പ്രോട്ടീനുകൾ ഉണ്ടാകും. എന്നാൽ ചുരുക്കം ആളുകളില്‍ ഇവ ഉണ്ടാകില്ല. 1972ൽ ഒരു ഗർഭിണിയുടെ രക്തസാമ്പിൾ പരിശോധിക്കുന്നതിനിടെയാണ് ചുവന്ന രക്താണുക്കളുടെ ഉപരിതലത്തിൽ കാണപ്പെടുന്ന ആന്റിജനുകള്‍ എന്ന് അറിയപ്പെടുന്ന ഒരു പ്രോട്ടീൻ തന്മാത്ര നഷ്ടമായെന്ന് ഡോക്ടർ കണ്ടെത്തിയത്. നീണ്ട കാലത്തിന് ശേഷം ഈ തന്മാത്രയുടെ വിചിത്രമായ അഭാവം മനുഷ്യരിൽ ഒരു പുതിയ രക്തഗ്രൂപ്പ് നിലനിൽക്കുന്നുണ്ടെന്ന യാഥാർഥ്യത്തിലേക്ക് ഗവേഷകരെ എത്തിച്ചു.
മുമ്പ് അറിയപ്പെട്ടിരുന്ന AnWj ആൻ്റിജൻ്റെ ജനിതക പശ്ചാത്തലം ഗവേഷകർ തിരിച്ചറിഞ്ഞു. ജനിതക പരിശോധന ഉപയോഗിച്ച് ഫിൽട്ടണിലെ എൻഎച്ച്എസ്ബിടിയുടെ ഇൻ്റർനാഷണൽ ബ്ലഡ് ഗ്രൂപ്പ് റഫറൻസ് ലബോറട്ടറി ആദ്യമായി ഈ ആൻ്റിജൻ നഷ്ടപ്പെട്ട രോഗികളെ തിരിച്ചറിയുന്ന ഒരു ടെസ്റ്റ് വികസിപ്പിച്ചെടുത്തു. 1972ലെ രോഗിയുടെ രക്തത്തിൽ നിന്ന് കാണാതായ AnWj ആന്‍റിജൻ തന്മാത്ര 99.9 ശതമാനത്തിലധികം ആളുകളിലും ഉള്ളതാണെന്ന് നേരത്തെയുള്ള ഗവേഷണം കണ്ടെത്തിയിരുന്നു.
ചില പ്രത്യേക സവിശേഷതകളുള്ള വളരെ ചെറിയ പ്രോട്ടീനാണ് മാല്‍. അതുകൊണ്ട് തന്നെ ഇത് എളുപ്പം തിരിച്ചറിയുക ബുദ്ധിമുട്ടാണ്. ഒരാൾക്ക് അവരുടെ മാല്‍ ജീനുകളുടെ വകഭേദം സംഭവിച്ച പതിപ്പ് ഉണ്ടെങ്കിൽ ഗർഭിണിയായ രോഗിയെപ്പോലെ AnWj നെഗറ്റീവ് ആയ രക്തഗ്രൂപ്പിൽ എത്തും. ചിലപ്പോൾ രക്തത്തിലെ തകരാറുകളും ആന്‍റിജനെ അടിച്ചമർത്താൻ കാരണമാകുമെന്നും സൂചിപ്പിക്കുന്നു. പ്രോട്ടീനുകളെ എൻകോഡ് ചെയ്യുന്ന സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്.