അപകീര്‍ത്തി പരാമര്‍ശം : യുഎസ് വലതുപക്ഷ ഇന്‍ഫ്‌ലുവന്‍സര്‍ക്കെതിരേ നിയമനടപടിയുമായി മാക്രോൺ ദമ്പതിമാർ

പാരീസ് : അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് അമേരിക്കയിലെ വലതുപക്ഷ ഇന്‍ഫ്‌ലുവന്‍സര്‍ക്കെതിരേ നിയമനടപടിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഭാര്യ ബ്രിജിറ്റ് മാക്രോണും. കാന്‍ഡേസ് ഓവെന്‍സിനെതിരേയാണ് മാക്രോണ്‍ ദമ്പതികള്‍ യുഎസില്‍ നിയമനടപടി സ്വീകരിക്കുന്നത്.
തന്റെ പോഡ്കാസ്റ്റ് പരിപാടി കൂടുതല്‍ പേരിലേക്ക് എത്താന്‍, ബ്രിജിറ്റിന്റെ ജെന്‍ഡര്‍ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം കാന്‍ഡേസ് നടത്തിയെന്നാണ് മാക്രോണ്‍ ദമ്പതിമാരുടെ ആരോപണം. ബ്രിജിറ്റ് ജനിച്ചത് പുരുഷനായാണെന്നും ജീന്‍ മൈക്കിള്‍ ട്രോഗ്‌ന്യൂക്‌സ് എന്നായിരുന്നു പേരെന്നുമുള്ള കാന്‍ഡേസിന്റെ പ്രചാരണം കള്ളമാണെന്നും മാക്രോണ്‍ ദമ്പതിമാര്‍ പറയുന്നു. ബ്രിജിറ്റിന്റെ ജ്യേഷ്ഠന്റെ പേരാണ് ജീന്‍ മൈക്കിള്‍ ട്രോഗ്‌ന്യൂക്‌സെന്നും അവര്‍ വ്യക്തമാക്കുന്നു. കാന്‍ഡേസിന്റെ പ്രചാരണം ലോകവ്യാപകമായ അധിക്ഷേപത്തിലേക്ക് തങ്ങളെ നയിച്ചതായും മാക്രോണ്‍ ദമ്പതിമാര്‍ കൂട്ടിച്ചേര്‍ത്തു.
എട്ടുഭാഗങ്ങളായി പുറത്തിറക്കിയ ബികമിങ് ബ്രിജിറ്റ് എന്ന പോഡ്കാസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് കാന്‍ഡേസിനെതിരേ പരാതി നല്‍കിയിരിക്കുന്നത്. പുരുഷനായി ജനിച്ചെന്നും പിന്നീട് ലിംഗമാറ്റത്തിന് വിധേയയായെന്നും പോഡ്കാസ്റ്റില്‍ ആരോപിക്കുന്നതായി പരാതിയിലുണ്ട്. മാത്രമല്ല, മാക്രോണും ബ്രിജിറ്റും തമ്മില്‍ രക്തബന്ധമുണ്ടെന്നും നിഷിദ്ധവിവാഹമാണ് ഇരുവരുടേതെന്നും കാന്‍ഡേസ് പറഞ്ഞതായി പരാതിയില്‍ പറയുന്നു.