സബ്സ്റ്റേഷനിൽ പൊട്ടിത്തെറി : ഹീത്രൂ വിമാനത്താവളം വീണ്ടും പ്രവർത്തിച്ചു തുടങ്ങി

ലണ്ടൻ : വൈദ്യുതി സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെത്തുടർന്ന് അടച്ചിട്ട ഹീത്രൂ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ പുനരാരംഭിച്ചു. ലണ്ടനിലെ ഹെയ്‌സിലുള്ള നോർത്ത് ഹൈഡ് ഇലക്ട്രിക്കൽ സബ്സ്റ്റേഷനിലായിരുന്നു പൊട്ടിത്തെറി. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ഏകദേശം 18 മണിക്കൂറാണ് അടച്ചിടേണ്ടി വന്നത്. ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഇത് ഏകദേശം രണ്ടു ലക്ഷം യാത്രക്കാരെയും ബാധിച്ചു.
വിമാനത്താവളത്തിൽനിന്ന് ഏകദേശം 3.2 കിലോമീറ്റർ അകലെയുള്ള സബ്‌സ്റ്റേഷനിൽ വ്യാഴാഴ്ച അർധരാത്രിക്കു തൊട്ടുമുൻപാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾക്ക് ഏകദേശം ഏഴ് മണിക്കൂർ വേണ്ടിവന്നു. സബ്‌സ്റ്റേഷനിലെ ഇലക്ട്രിക്കൽ ഉപകരണങ്ങളെക്കുറിച്ച് ലണ്ടൻ അഗ്നിശമന സേന അന്വേഷണം നടത്തുന്നുണ്ടെങ്കിലും യാതൊരു തകരാറുകളും അധികൃതർ കണ്ടെത്തിയിട്ടില്ല.
ഫ്ലൈറ്റ് ട്രാക്കിങ് സേവനമായ ഫ്ലൈറ്റ് റഡാർ 24ന്റെ റിപ്പോർട്ട് പ്രകാരം കുറഞ്ഞത് 1,350 വിമാനങ്ങളെയെങ്കിലും തീപിടിത്തം ബാധിച്ചു. വിമാനക്കമ്പനികൾ വിമാനങ്ങൾ പുനഃക്രമീകരിക്കുകയും യാത്രക്കാർ വീണ്ടും മറ്റൊരു ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നതിനാൽ ഈ പ്രതിസന്ധി ദിവസങ്ങളോളം നീണ്ടുനിൽക്കുമെന്നാണ് റിപ്പോർട്ട്. വൈദ്യുതി പുനഃസ്ഥാപിച്ച ശേഷമാണ് ഹീത്രൂ വിമാനത്താവളം തുറന്നത്. ആദ്യം ബ്രിട്ടിഷ് എയർവേയ്‌സ് വിമാനമാണ് ലാൻഡ് ചെയ്തത്. പിന്നീട് സൗദി അറേബ്യയിലെ റിയാദിലേക്കുള്ള ബ്രിട്ടിഷ് എയർവേയ്‌സ് വിമാനം ടേക്ക് ഓഫ് ചെയ്യുകയും ചെയ്തു. ശനിയാഴ്ചയോടെ വിമാനത്താവളം പൂർണ നിലയിൽ പ്രവർത്തിപ്പിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
സബ്‌സ്റ്റേഷനിലുണ്ടായ തീപിടിത്തം ആയിരക്കണക്കിനു വീടുകളിലെ വൈദ്യുതി ബന്ധവും താറുമാറാക്കി. തീ അണയ്ക്കുന്നതിന് 10 ഫയർ എൻജിനുകളും 70 അഗ്നിരക്ഷാ ജീവനക്കാരും സ്ഥലത്തുണ്ട്. വിമാനത്താവളത്തിനു സമീപം താമസിക്കുന്ന 150 പേരെ ഒഴിപ്പിച്ചു.