യൂറോപ്യൻ യൂണിയൻ വാർത്തകൾ

ലണ്ടൻ- ദുബൈ എമിറേറ്റ്സ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഹീത്രൂ വിമാനത്താവളത്തിൽ തിരിച്ചിറക്കി

ദുബൈ : പുതുവത്സര തലേന്ന് ലണ്ടനിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കി. 500ഓളം യാത്രക്കാരുമായി പുറപ്പെട്ട EK002 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കേണ്ടി വന്നത്.

ഡിസംബർ 31ന് ഉച്ചയ്ക്ക് 1.40ന് ഹീത്രൂവിൽ നിന്ന് ദുബൈയിലേക്ക് പറന്നുയർന്ന വിമാനത്തിൽ വൈകാതെ തന്നെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ലാൻഡിംഗിന് അനുവദനീയമായതിലും കൂടുതൽ ഇന്ധനം വിമാനത്തിലുണ്ടായിരുന്നതിനാൽ ഭാരം കുറയ്ക്കാനായി ഏകദേശം ഒരു മണിക്കൂറോളം വിമാനം ലണ്ടന് മുകളിൽ വട്ടമിട്ട് പറന്നു. ഫ്ലൈറ്റ് റഡാറിലെ വിവരങ്ങൾ പ്രകാരം, ഏകദേശം 10,000 അടി ഉയരത്തിൽ വട്ടമിട്ട് പറന്ന ശേഷമാണ് വൈകുന്നേരം 4.28-ഓടെ വിമാനം സുരക്ഷിതമായി ലാൻഡിംഗ് നടത്തിയത്. വിമാനം ഇറങ്ങുന്ന സമയത്ത് മുൻകരുതലായി എമർജൻസി വാഹനങ്ങൾ വിമാനത്താവളത്തിൽ സജ്ജമാക്കിയിരുന്നു.

വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. യാത്രക്കാർക്ക് മറ്റ് വിമാനങ്ങളിൽ യാത്ര തുടരാനുള്ള സൗകര്യം എമിറേറ്റ്സ് ഒരുക്കി. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എമിറേറ്റ്സ് ക്ഷമാപണം നടത്തി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് എയർലൈൻ വക്താവ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button