മുൾട്ടാനിൽ ഇംഗ്ലീഷ് പടയോട്ടം; പാക്കിസ്ഥാന് ഇന്നിംഗ്സ് തോൽവി
മുൾട്ടാൻ : ഒടുവിൽ കണക്കുകൂട്ടിയപോലെ സംഭവിച്ചു. ഇംഗ്ലീഷ് റൺമല കയറിയ പാക്കിസ്ഥാൻ കൂട്ടത്തോടെ വീണു. അവസാന ദിനം ബാറ്റിംഗ് തുടർന്ന ആതിഥേയർ 220 റൺസിന് പുറത്തായി. ഇതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സിനും 47 റൺസിനും വിജയിച്ചു. സ്കോർ- പാക്കിസ്ഥാൻ: 556, 220, ഇംഗ്ലണ്ട്: ഏഴിന് 823 ഡിക്ലയേർഡ്.
ആറിന് 152 റൺസെന്ന നിലയിൽ അവസാന ദിനം ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാനെ ആഘ സൽമാനും ആമിർ ജമാലും ചേർന്ന് കാര്യമായ പരിക്കുകളില്ലാതെ മുന്നോട്ടു കൊണ്ടുപോയി. ഇരുവരും ചേർന്ന് 109 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.
എന്നാൽ, സ്കോർ 191 ൽ നില്‍ക്കെ സൽമാനെ ജാക്ക് ലീച്ച് വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ പാക്കിസ്ഥാൻ തോൽവി മുന്നിൽകണ്ടു. പിന്നാലെയെത്തിയ ഷഹീൻഷാ അഫ്രീദിയെയും (10) നസീം ഷായെയും (ആറ്) ലീച്ച് തന്നെ മടക്കി. അവസാന വിക്കറ്റിൽ ഇറങ്ങേണ്ടിയിരുന്ന അബ്രാർ അഹമ്മദ് ആബ്സന്റ് ഹർട്ടായി എത്താതിരുന്നതോടെ പാക്കിസ്ഥാൻ തോൽവി സമ്മതിച്ചു.
ഇംഗ്ലണ്ടിനു വേണ്ടി 30 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ജാക്ക് ലീച്ച് ആണ് പാക്കിസ്ഥാന്റെ പതനം വേഗത്തിലാക്കിയത്. ഗസ് അറ്റ്കിൻസൺ, ബ്രൈഡൻ കാഴ്സ് എന്നിവർ രണ്ടുവിക്കറ്റ് വീതവും ക്രിസ് വോക്സ് ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ, ഇംഗ്ലണ്ട് ഏഴു വിക്കറ്റിന് 823 റണ്‍സ് എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തിരുന്നു. പാക്കിസ്ഥാനെതിരേ ഒരു ടീം ഒരു ഇന്നിംഗ്സിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. കൂടാതെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന നാലാമത്തെ സ്കോറുമാണ്.
ഹാരി ബ്രൂക്കിന്റെ ട്രിപ്പിൾ സെഞ്ചുറിയും (322 പന്തിൽ 317), ജോ റൂട്ടിന്റെ ഇരട്ട സെഞ്ചുറിയുമാണ് (375 പന്തിൽ 262) ഇംഗ്ലണ്ടിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. ഇരുവരും നാലാം വിക്കറ്റിൽ 454 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്.