എറണാകുളത്ത് ജല സംഭരണിയുടെ പാളി തകര്‍ന്നു; വീടുകളില്‍ വെള്ളം കയറി വന്‍ നാശം

കൊച്ചി : എറണാകുളം തമ്മനത്ത് ജല സംഭരണിയുടെ പാളി തകര്‍ന്നു. നഗരത്തിലെ പ്രധാന ജലസ്രോതസായി പ്രവര്‍ത്തിക്കുന്ന 1.35 കോടി ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിന്റെ ഒരു വശമാണ് തകർന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പൊട്ടലും വിള്ളലും ഉണ്ടായത്. ആലുവയില്‍ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം ശേഖരിക്കുന്ന പ്രധാന ടാങ്കിന്റെ പാളിയാണ് ഇടിഞ്ഞത്. വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ളതാണ് ജലസംഭരണി.
കൊച്ചി കോര്‍പ്പറേഷന്റെ ഡിവിഷന്‍ 45 ലാണ് സംഭരണി സ്ഥിതി ചെയ്യുന്നത്. ടാങ്കിന്റെ പാളി തകര്‍ന്ന് വെള്ളം ചോര്‍ന്നതോടെ പ്രദേശത്തെ വീടുകളില്‍ ഉള്‍പ്പെടെ വെള്ളം കയറി. മതിലുകള്‍ തകരുകയും, വാഹങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ടാങ്കിന്റെ തകര്‍ച്ച തൃപ്പൂണിത്തുറ മേഖലയിലെ ജലവിതരത്തെയാകും ബാധിക്കുക. നാല്‍പത് വര്‍ഷത്തിലേറെ പഴക്കമുള്ള ടാങ്കിന്റെ തകര്‍ച്ച നഗരത്തിലെ കുടിവെള്ള വിതരണത്തെ സാരമായി ബാധിച്ചേക്കും. ഉരുള്‍പ്പൊട്ടലിന് സമാനമായ സാഹചര്യമാണ് പ്രദേശത്ത് ഉണ്ടായത്.



