ലാഹോറിലെ വസതിയിൽവച്ച് വെടിയേറ്റു; ലശ്കർ സഹസ്ഥാപകൻ അമീർ ഹംസയുടെ നില ഗുരുതരം

ലാഹോർ : നിരോധിത ഭീകരസംഘടനയായ ലശ്കറെ ത്വയ്യിബയുടെ സഹസ്ഥാപകൻ അമീർ ഹംസയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. ലാഹോറിലെ വസതിയിലുണ്ടായ അപകടത്തിലാണ് അമീർ ഹംസക്ക് പരിക്കേറ്റതെന്നും ഇയാൾ ലാഹോറിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വസതിക്കുള്ളിൽ വച്ച് വെടിയേറ്റതാണെന്നും അല്ലെന്നും വാർത്തകളുണ്ട്. അമീർ രക്തത്തിൽ കുളിച്ച് കിടക്കുന്നതിനെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, അപകട കാരണത്തിൽ ഇപ്പോഴും ദുരൂഹത നിലനിൽക്കുകയാണ്.
ലശ്കറെ ത്വയ്യിബയുടെ 17 സ്ഥാപകരിൽ ഒരാളായ അമീർ ഹംസ, തീവ്ര പ്രസംഗങ്ങളിലൂടെയും ലശ്കറിന്‍റെ പ്രസിദ്ധീകരണങ്ങളിലൂടെയും കുപ്രസിദ്ധി നേടി. ഭീകരസംഘടനക്ക് വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും പണം സ്വരൂപിക്കുന്നതിനും ഭീകരരെ വിട്ടയക്കാനുള്ള മധ്യസ്ഥ ചർച്ചകളിലും ഇയാൾ ഏർപ്പെട്ടിരുന്നു.
2018ൽ സാമ്പത്തിക സഹായങ്ങൾ കുറഞ്ഞതോടെ ലശ്കറുമായി അകലം പാലിച്ച അമീർ ജയ്ശെ മൻഫാഖ എന്ന പുതിയ ഭീകര സംഘടന രൂപീകരിച്ചു. എന്നാൽ, ലശ്കറെ ത്വയ്യിബയുമായുള്ള ബന്ധം തുടർന്നുപോന്നിരുന്നു. ജമ്മു കശ്മീർ അടക്കമുള്ള സ്ഥലങ്ങളിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നതായും വാർത്തകളുണ്ട്.