ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ മണ്ണിടിച്ചിൽ; 2 തീർഥാടകർ മരിച്ചു, 6 പേർക്ക് പരിക്ക്

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ മണ്ണിടിച്ചിൽ മൂലം പാറക്കല്ലുകൾ വീണുണ്ടായ അപകടത്തിൽ 2 തീർഥാടകർ മരിക്കുകയും 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തരകാശി ജില്ലയിലെ ബർകോട്ട് സ്വദേശികളായ റിത (30), ചന്ദ്ര സിങ് (68) എന്നിവരാണ് മരിച്ചത്. മോഹിത് ചൗഹാൻ, നവീൻ സിങ് റാവഡ്, പ്രതിഭ, മമത, രാജ്വേശരി, പങ്കജ് എന്നിവർക്കാണ് പരുക്കേറ്റത്.
സോനപ്രയാഗിനും ഗൗരികുണ്ടിനും ഇടയിലുള്ള മുൻകടിയയ്ക്കു സമീപത്തു വച്ചാണ് അപകടമുണ്ടായത്. മുൻകടിയയിലെ മലഞ്ചെരുവിൽ നിന്ന് വീണ പാറക്കല്ലുകൾ വാഹനത്തിന് മേൽ പതിക്കുകയായിരുന്നു. 2 പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
അപകടത്തിൽ പരുക്കേറ്റ ആറു പേരിൽ രണ്ടുപേർ നിലവിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. പരുക്കേറ്റവരെ സോനപ്രയാഗിലെ സർക്കാർ ആശുപത്രിയിലേക്കും ഗുരുതര നില തരണം ചെയ്യാത്തവരെ ഉന്നത ചികിത്സ കേന്ദ്രത്തിലേക്കും മാറ്റിയതായി ജില്ലയിലെ ദുരന്ത നിവാരണ ഉദ്യോഗസ്ഥൻ നന്ദൻ സിങ് രജ്വർ പറഞ്ഞു.