ഷോപ്പിങ് മാളുകളിലെ അക്രമണങ്ങൾ; പ്രവാസികളെയടക്കം 20 പേരെ പിടികൂടി കുവൈത്ത് പൊലീസ്

കുവൈത്ത് സിറ്റി : രാജ്യത്തെ പൊതുസ്ഥലങ്ങളിലെ സംഘർഷങ്ങൾ തടയുന്നതിന്റെ ഭാഗമായി കർശന നടപടി സ്വീകരിച്ചു കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കുവൈത്തിലെ മാളുകളിൽ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. വിവിധ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
മാളുകൾ കേന്ദ്രികരിച്ചു ചില സംഘങ്ങൾ അക്രമണം നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. സി സി ടി വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഘർഷത്തിന് പ്രേരിപ്പിക്കുകയും മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്ത പ്രവാസികൾ അടക്കമുള്ള 20 പേരെയാണ് അറസ്റ്റ് ചെയ്‌തത്.
പൊതു ധാർമികത ലംഘിച്ച കുറ്റത്തിന് നാല് പേരെയും മാളുകളിൽ സിഗരറ്റ് വലിച്ചതിന് മറ്റ് നാല് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ നിന്ന് കത്തി അടക്കമുള്ള മാരകായുധങ്ങളും പിടിച്ചെടുത്തയായി പൊലീസ് വ്യക്തമാക്കി.
അറസ്റ്റ് ചെയ്ത പ്രവാസികളെ തുടർ നടപടികൾക്ക് ശേഷം നാടുകടത്തും. പൊതു ജന സുരക്ഷ ഉറപ്പാക്കുന്നതിന് ഭാഗമായി തുടർന്നും കർശനമായ പരിശോധനകൾ നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രിമിനൽ സുരക്ഷ വിഭാഗം, ജനറൽ ഡിപ്പാർട്മെന്റ് ഇൻവെസ്റ്റിഗേഷൻ പരിസ്ഥിതി പൊലീസ് ഡിപ്പാർട്മെന്റ് എന്നിവയുടെ പിന്തുണയോടെയായിരുന്നു പരിശോധന.