ഇടുക്കിയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു

ഇടുക്കി : പുല്ലു പാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു. മാവേലിക്കരയിൽനിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.
വിനോദയാത്ര കഴിഞ്ഞ് സംഘം മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 30 അടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ബസ് മരക്കൂട്ടത്തിൽ തങ്ങി നിന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.
സമീപത്ത് ഉണ്ടായിരുന്ന ആളുകൾ ചേർന്ന് യാത്രക്കാരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. മോട്ടോർ വാഹന വകുപ്പും പോലീസും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.
34 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ആർക്കും ഗുരുതര പരിക്കുകൾ ഇല്ലെന്നാണ് പ്രാഥമിക വിവരം. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണം എന്നാണ് നിഗമനം.