കെഎസ്ഇബി ഓഫീസ് ആക്രമണ കേസ്; പ്രതികൾ ചെയ്തത് ഗുരുതര കുറ്റം, ജാമ്യാപേക്ഷ കോടതി തള്ളി
കോഴിക്കോട് : തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമണ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സർക്കാർ സ്ഥാപനത്തിന് നേരെ ഉണ്ടായ ആക്രമണം അതീവ ഗൗരവതരമാണെന്നും പ്രതികൾ ചെയ്തത് ഗുരുതര കുറ്റമാണെന്ന് ചൂണ്ടികാണിച്ചു കൊണ്ടാണ് കോടതി പ്രതികളുടെ ജാമ്യം നിഷേധിച്ചത്.
കേസിലെ ഒന്നാം പ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ അജ്മൽ സ്ഥിരം കുറ്റവാളി എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു. അജ്മലും സഹോദരൻ ഷഹദാദും സമർപ്പിച്ച ജാമ്യപേക്ഷയാണ് കോടതി തള്ളിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പതമായ സംഭവം. കെഎസ്ഇബി ഓഫീസിലെത്തി അസിസ്റ്റന്റ് എന്‍ജിനീയർ അടക്കം ജീവനക്കാരെ മര്‍ദിച്ചെന്നും ഏതാണ്ട് മൂന്നുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്നും ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് തിരുവമ്പാടി മണ്ഡലം മുന്‍ പ്രസിഡന്റ് യു സി അജ്മലിന്റെയും ബന്ധുമായ ഷഹദാദും വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത്.
വൈദ്യുതിബില്‍ കുടിശ്ശിക വരുത്തിയതു മൂലം കണക്ഷന്‍ വിച്ഛേദിച്ച ലൈന്‍മാന്‍ പ്രശാന്തിനെയും സഹായി അനന്തുവിനെയും വെള്ളിയാഴ്ച വൈകീട്ട് അജ്മലിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരും കെഎസ്ഇബി ഓഫീസിലെത്തി അതിക്രമം കാട്ടുകയായിരുന്നു. വ്യാപക പ്രതിഷേധത്തിന് പിന്നാലെ കലക്ടറുടെ നിർദേശത്തെ തുടർന്ന് അജ്മലിന്റെ വീട്ടില്‍ കെഎസ്ഇബി വിച്ഛേദിച്ച വൈദ്യുതി പുനഃസ്ഥാപിച്ചു.
അതിനിടെ വൈദ്യുതി വിച്ഛേദിച്ച സംഭവത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ക്കെതിരെ അജ്മലിന്റെ കുടുംബം പരാതി നല്‍കിയിരുന്നു. തിരുവമ്പാടി പൊലീസിലാണ് പരാതി നല്‍കിയിട്ടുള്ളത്. വീട്ടിലെത്തിയ കെഎസ്ഇബി ജീവനക്കാര്‍ അപമര്യാദയായി പെരുമാറി. ലൈന്‍മാന്‍ മര്‍ദ്ദിച്ചെന്നും കയ്യേറ്റം ചെയ്‌തെന്നുമാണ് അജ്മലിന്റെ അമ്മ മറിയത്തിന്റെ പരാതിയിലുള്ളത്.