
തൃശൂര്‍ : ഇന്ത്യ കോഫി ബോര്‍ഡ് വര്‍ക്കേഴ്‌സ് സഹകരണ സംഘം സ്ഥാപകാംഗവും ഇന്ത്യന്‍ കോഫി ഹൗസ് പ്രസ്ഥാനത്തിന്റെ തുടക്ക കാലത്തെ സജീവ സാന്നിധ്യവുമായിരുന്ന കെ എന്‍ ലളിത (88) യ്ക്ക് നാടിന്റെ അന്ത്യാഞ്ജലി. തൃശൂരിലെ വസതിയില്‍ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ തൃശൂര്‍ പ്ലാക്കാട്ട് ലൈനിലെ വീട്ടില്‍ നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
വൈകീട്ട് പാമ്പാടി ഐവര്‍ മഠത്തില്‍ സംസ്‌കരിച്ചു. ഇന്ത്യന്‍ കോഫി ഹൗസ് സ്ഥാപക നേതാവയിരുന്ന പരേതനായ എന്‍ എസ് പരമേശ്വരന്‍ പിള്ളയാണ് ഭര്‍ത്താവ് പ്രായാധിക്യത്തെത്തുടര്‍ന്നള്ള അവശതകള്‍ മൂലം കുറച്ചുകാലമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. 1957ല്‍ എകെജിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ കോഫി ഹൗസ് സംഘം രൂപീകരിച്ചപ്പോള്‍ അതിന്റെ പ്രമോട്ടര്‍മാരില്‍ ഒരാളായി. തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ആദ്യത്തെ കോഫി ഹൗസ് തുടങ്ങാന്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട ഘട്ടത്തില്‍ താലിമാലയുള്‍പ്പെടെയുള്ള ആഭരണങ്ങള്‍ ഊരി നല്‍കി.
കൈരളി ടിവി ന്യൂസ് കണ്‍സള്‍ട്ടന്റ് എന്‍ പി ചന്ദ്രശേഖരന്‍ മകനാണ്. മറ്റ് മക്കള്‍: എന്‍ പി ഗിരീശന്‍ (റിട്ട. മാനേജര്‍ ഇന്ത്യന്‍ കോഫീഹൗസ്), എന്‍ പി മുരളി ( ഇറ്റലി), എന്‍ പി സുനിത. മരുമക്കള്‍: ഗിരിജ, ജയ, മായ, രമേശ്.



