അന്തർദേശീയം

ടെഹ്റാനിലെ മതചടങ്ങിൽ ആർത്തുവിളിക്കുന്ന ജനക്കൂട്ടത്തെ അഭിസംബോധനചെയ്ത് ഖമേനി

ടെഹ്റാൻ : ഇസ്രായേലുമായുള്ള പന്ത്രണ്ട് ദിവസം നീണ്ടുനിന്ന സംഘർഷത്തിനൊടുവിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തി. സംഘർഷം അവസാനിപ്പിച്ചതിന് പിന്നാലെ പ്രതികരണം നടത്തിയിരുന്നെങ്കിലും ഇതാദ്യമായിട്ടാണ് ഖമേനി ജനങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. ടെഹ്റാനിൽ നടന്ന മതചടങ്ങിലാണ് അദ്ദേഹം പങ്കെടുത്തതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കറുത്ത വസ്ത്രം ധരിച്ചെത്തിയ ഖമേനി, കൂടിനിൽക്കുന്ന ജനങ്ങളെ അഭിസംബോധന ചെയ്യുന്നത് കാണാം. മുമ്പിലുള്ള ജനക്കൂട്ടം മുഷ്ടിചുരുട്ടി വായുവിലുയർത്തി ‘ഈ സിരകളിലൊഴുകുന്ന രക്തം, അത് ഞങ്ങളുടെ നേതാവിനുള്ളതാണ്’ എന്ന് ഉറക്കെ വിളിച്ചുപറയുന്നതിന്റേയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ടെഹ്റാനിലെ ഇമാം ഖമേനി മോസ്കിൽ നിന്നുള്ളതാണ് ദൃശ്യങ്ങളെന്ന് ഇറാൻ മാധ്യമത്തെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രായേൽ ഇറാനിൽ ആക്രമണം തുടങ്ങിയ ശേഷം കുറച്ചുനാളുകൾ ഖമേനി അപ്രത്യക്ഷമായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് പല അഭ്യൂഹങ്ങൾക്കും ഇടയാക്കിയിരുന്നു. എന്നാൽ, പിന്നീട് സംഘർഷം അവസാനിപ്പിച്ചതിന് പിന്നാലെ വീഡിയോ സന്ദേശവുമായി അദ്ദേഹം രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഇപ്പോൾ അദ്ദേഹം പൊതുയിടത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ആണവായുധ നിർമാണം നടത്തുന്നുവെന്നാരോപിച്ചായിരുന്നു ഇസ്രയേൽ ഇറാനിൽ ആക്രമണം നടത്തിയത്. എന്നാൽ, ഇറാനും ഇസ്രായേലിൽ ശക്തമായി തിരിച്ചടിച്ചിരുന്നു. ഇസ്രായേലിന്റെ അഞ്ച് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ച് കനത്ത ആഘാതമേൽപ്പിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ അമേരിക്കയും ഇടപെട്ടിരുന്നു. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇറാൻ, അമേരിക്കയുടെ ഖത്തറിലുള്ള വ്യോമതാവളത്തിൽ മിസൈലാക്രമണം നടത്തി. തുടർന്ന് അമേരിക്ക വെടിനിർത്തലിന് മുന്നിട്ടിറങ്ങുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button