കേരളം

റഷ്യൻ സൈന്യത്തിനു നേരെ യുക്രെയ്ൻ ഷെല്ലാക്രമണം; തൃശൂർ സ്വദേശി കൊല്ലപ്പെട്ടു

തൃശൂർ: റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രെയ്ൻ ഷെല്ലാക്രമണത്തില്‍ കല്ലൂര്‍ സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. എംബസിയില്‍ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്ച ലഭിക്കുമെന്ന് റഷ്യയില്‍ നിന്നുള്ള മലയാളി സംഘടനകള്‍ അറിയിച്ചു. കല്ലൂര്‍ നായരങ്ങാടി സ്വദേശി കാങ്കില്‍ ചന്ദ്രന്റെ മകന്‍ സന്ദീപാണ് (36) റഷ്യന്‍ സൈന്യത്തോടൊപ്പമുണ്ടായിരുന്നത്.

സന്ദീപ് ഉള്‍പ്പെട്ട 12 അംഗ റഷ്യന്‍ പട്ടാള പട്രോളിങ് സംഘം കൊല്ലപ്പെട്ടതായും ആശുപത്രിയില്‍ മൃതദേഹങ്ങള്‍ റഷ്യന്‍ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ തിരിച്ചറിഞ്ഞതായും കല്ലൂരിലെ വീട്ടില്‍ വിവരം ലഭിച്ചു. ശനി, ഞായര്‍ ദിവസങ്ങള്‍ എംബസി അവധിയായതിനാല്‍ അധികൃതരുടെ അറിയിപ്പ് അടുത്ത ദിവസമേ ലഭിക്കൂ. ചാലക്കുടിയിലെ ഏജന്‍സി വഴി കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റ് ഏഴു പേരും റഷ്യയിലേക്ക് പോയത്. മോസ്‌കോയില്‍ റസ്റ്ററന്റിലെ ജോലിക്കെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. പിന്നീട് റഷ്യന്‍ സൈനിക ക്യാംപിലെ കന്റീനിലാണ് ജോലിയെന്നും സുരക്ഷിതനാണെന്നും സന്ദീപ് അറിയിച്ചിരുന്നു. വീട്ടിലേക്കു വിളിച്ചപ്പോള്‍ പാസ്പോര്‍ട്ടും ഫോണും കളഞ്ഞുപോയെന്ന് സന്ദീപ് പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ സന്ദീപ് റഷ്യന്‍ പൗരത്വം സ്വീകരിച്ചതായും സൈന്യത്തില്‍ ചേര്‍ന്നതായും വിവരമുണ്ട്. പൗരത്വം ലഭിക്കുന്നതിന് സൈന്യത്തില്‍ ചേരുന്ന സമ്പ്രദായം റഷ്യയിലുണ്ട്.

പൗരത്വ പ്രശ്‌നം മൃതദേഹം നാട്ടിലെത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും എംബസി ഇടപെടുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍. റഷ്യന്‍ അതിര്‍ത്തിയിലെ റെസ്‌തോവില്‍ സന്ദീപ് ഉള്‍പ്പെട്ട സംഘത്തിനു നേരെ ആക്രമണമുണ്ടായെന്ന് റഷ്യന്‍ മലയാളി ഗ്രൂപ്പുകളില്‍ വാട്‌സാപ് സന്ദേശം പ്രചരിച്ചതോടെയാണ് വിഷയം നാട്ടിലറിയുന്നത്. സന്ദീപിനെക്കുറിച്ച് വിവരങ്ങള്‍ അറിയണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ കേന്ദ്രമന്ത്രിമാരായ എസ്.ജയശങ്കര്‍, സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. നോര്‍ക്ക വഴി റഷ്യയിലെ ഇന്ത്യന്‍ എംബസിയിലും ബന്ധുക്കള്‍ വിവരം തേടിയിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button