കേരളത്തിലെ എസ്‌ഐആർന് അടിസ്ഥാനം 2002ലെ വോട്ടര്‍ പട്ടിക; 12 രേഖകളിലൊന്ന് സമര്‍പ്പിക്കണം, പ്രവാസികൾ ഓണ്‍ലൈനായി അപേക്ഷാ ഫോം പൂരിപ്പിച്ച് നല്‍കണം
12 രേഖകളിലൊന്ന് സമര്‍പ്പിക്കണം, പ്രവാസികൾ ഓണ്‍ലൈനായി അപേക്ഷാ ഫോം പൂരിപ്പിച്ച് നല്‍കണം

തിരുവന്തപുരം : ബിഹാറില്‍ തുടക്കമിട്ട വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണം കേരളത്തിലും നടപ്പാക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇത് പൂര്‍ത്തിയാക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമയക്രമം പ്രഖ്യാപിക്കുന്നമുറയ്ക്ക് പട്ടിക പുതുക്കല്‍ തുടങ്ങുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2002ലെ പട്ടിക അടിസ്ഥാനമാക്കിയാണ് വോട്ടര്‍ പട്ടിക പുതുക്കുക. ഇതിന് മൂന്നുമാസം വേണ്ടിവരുമെന്ന് സിഇഒ പറഞ്ഞു. 2002ലെ പട്ടികയിലുള്ളവര്‍ പേര് നിലനിര്‍ത്താന്‍ പുതിയതായി രേഖകള്‍ നല്‍കേണ്ട. 2002നുശേഷം പേരു ചേര്‍ത്ത, 2005ലെ പട്ടികയിലുള്ളവര്‍ കമ്മീഷന്‍ ആവശ്യപ്പെടുന്ന രേഖകളില്‍ ഏതെങ്കിലും ഒന്ന് നല്‍കണം. ആധാര്‍ കാര്‍ഡും രേഖയായി പരിഗണിക്കും.
പുതുതായി പേരു ചേര്‍ക്കുന്നവരും രേഖ നല്‍കണം. രണ്ടുപട്ടികയിലും പേരുള്ള എല്ലാവരും എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കണം. വോട്ടര്‍പട്ടിക വെബ്‌സൈറ്റിലുണ്ടാകും. പേരു ചേര്‍ക്കുന്നതിനൊപ്പം ഒഴിവാക്കാനും മറ്റൊരിടത്തേക്ക് മാറ്റാനും അവസരമുണ്ട്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധിക്ക് പേരുചേര്‍ക്കാവുന്നവരുടെ എണ്ണം 50 ആയിരിക്കാനാണ് സാധ്യത.
ഇന്ത്യന്‍ പൗരത്വമുള്ളവര്‍ക്കും പതിനെട്ടുവയസു പൂര്‍ത്തിയായവര്‍ക്കും നിയമപ്രകാരം അയോഗ്യത ഇല്ലാത്തവര്‍ക്കും എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പട്ടികയില്‍ പേര് ഉറപ്പാക്കാം. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലെത്തി വിവരങ്ങള്‍ ഉറപ്പാക്കും. പ്രവാസി വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി അപേക്ഷാ ഫോം പൂരിപ്പിച്ച് നല്‍കാം. തുടര്‍ന്ന് ബിഎല്‍ഒ വീട്ടിലെത്തുമ്പോള്‍ വിവരങ്ങള്‍ വീട്ടുകാരില്‍ നിന്ന് ശേഖരിക്കുന്ന രീതിയിലാണ് സംവിധാനമൊരുക്കിയിട്ടുള്ളത്.