കേരളത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് വര്‍ധിച്ചു; 2024-25 സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്

തിരുവനന്തപുരം : കേരളത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് വര്‍ധിച്ചതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ജിഎസ്ഡിപി 9.97 ശതമാനമായി വളര്‍ന്നതായി നിയമസഭയില്‍ വെച്ച കേരളത്തിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷം ഇത് 9. 3 ശതമാനമായിരുന്നു. നാളെ കേരള ബജറ്റ് അവതരിപ്പിക്കാനിരിക്കേയാണ് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന അവലോകന റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയില്‍ സമര്‍പ്പിച്ചത്.
കേന്ദ്രത്തില്‍ നിന്നുള്ള സഹായം കുറഞ്ഞിട്ടും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ അവകാശപ്പെട്ടു. ജിഎസ്ഡിപി വളര്‍ച്ചയില്‍ രാജ്യത്തെ ആദ്യ 10 സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഇടംപിടിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വരുമാനം വര്‍ധിച്ചതിന് സമാനമായി ചെലവും ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
തനത് വരുമാനത്തില്‍ 2.7 ശതമാനത്തിന്റെയും തനത് നികുതി വരുമാനത്തില്‍ 3.1 ശതമാനത്തിന്റെ വര്‍ധന ഉണ്ടായി. ഭാവി ആസ്തികള്‍ വികസിപ്പിക്കുന്നതിനുള്ള മൂലധന ചെലവിലും വര്‍ധന ഉണ്ടായി. 0.48 ശതമാനത്തില്‍ നിന്ന് 8.96 ശതമാനമായാണ് മൂലധന ചെലവ് ഉയര്‍ന്നത്. അതേസമയം റവന്യൂ ചെലവ് ഉയര്‍ന്നതായി ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. 0.5 ശതമാനത്തില്‍ നിന്ന് 9.3 ശതമാനമായാണ് റവന്യൂ ചെലവ് ഉയര്‍ന്നത്. റവന്യൂ കമ്മിയിലും ധന കമ്മിയിലും വര്‍ധന ഉണ്ടായിട്ടുണ്ട്. റവന്യൂ കമ്മി 1.69 ശതമാനത്തില്‍ നിന്ന് 2.49 ശതമാനമായാണ് ഉയര്‍ന്നത്. ധന കമ്മി 3.2 ശതമാനത്തില്‍ നിന്ന് 3.86 ശതമാനമായാണ് വര്‍ധിച്ചത്. പതിവ് പോലെ സാമ്പത്തിക വളര്‍ച്ചയില്‍ സേവനമേഖലയുടെ പങ്ക് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.



