രാജ്യത്തെ വ്യവസായ സൗഹൃദ റാങ്കിംഗ്: കേരളം രാജ്യത്ത് ഒന്നാം റാങ്കിൽ, ഒന്നാം സ്ഥാനത്ത് എത്തിച്ചത് 9 നേട്ടങ്ങൾ
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമെന്ന നേട്ടം സ്വന്തമാക്കി കേരളം. കേന്ദ്ര വ്യവസായ മന്ത്രാലയത്തിന്റെ വ്യവസായ പരിഷ്കരണ കർമ്മപദ്ധതിയുടെ കീഴിൽ ഏർപ്പെടുത്തിയ 2022ലെ ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി. ഇന്നലെ ഡൽഹിയിൽ നടന്ന വ്യവസായ മന്ത്രിമാരുടെ സമ്മേളനത്തിൽ കേരളത്തിനു വേണ്ടി മന്ത്രി പി.രാജീവ്, കേന്ദ്രമന്ത്രി പീയുഷ് ഗോയലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. രണ്ടാം സ്ഥാനത്ത് ആന്ധ്രാപ്രദേശ്. മൂന്നാം സ്ഥാനം ഗുജറാത്തിന്.
വ്യവസായ, പൗര സേവന പരിഷ്‌കാരങ്ങൾ, ഓൺലൈൻ ഏകജാലക സംവിധാനമടക്കം
ഒൻപത് കാറ്റഗറികളിൽ ഉന്നത സ്ഥാനത്ത് (ടോപ് അച്ചീവർ) എത്തിയാണ് കേരളം നേട്ടം കൈവരിച്ചത്. ഇവയ്ക്ക് 95 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു. സംരംഭകരുടെ അഭിപ്രായങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് റാങ്ക് നിശ്ചയിച്ചത്.
ഒന്നാം സ്ഥാനത്ത് എത്തിച്ച 9 നേട്ടങ്ങൾ
1.വ്യവസായ, പൗര സേവന പരിഷ്‌കാരങ്ങൾ
2.യൂട്ടിലിറ്റി പെർമിറ്റുകൾ അനുവദിക്കൽ
3.നികുതി അടയ്‌ക്കലിലെ പരിഷ്കാരങ്ങൾ
4.ഓൺലൈൻ ഏകജാലക സംവിധാനം
5.നഗര തദ്ദേശ സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റ്
വിതരണ പ്രക്രിയ ലഘൂകരണം
6.റവന്യു വകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റുകൾ
7.മികച്ച പൊതുവിതരണ സംവിധാനം, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്
8.മികച്ച ഗതാഗത സംവിധാനം
9.എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പ്രവർത്തനം
” 2020ലെ 28ാം സ്ഥാനത്തു നിന്ന് 2021ൽ 14ലേക്ക് എത്തി. അവിടെ നിന്നാണ് ഇപ്പോൾ ഒന്നാം സ്ഥാനത്തെത്തിയത്. ചരിത്രനേട്ടമാണിത്. പത്തു റാങ്കിൽ ഒരെണ്ണമാകാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. അത് സാധിച്ചു
-പി.രാജീവ്, വ്യവസായ മന്ത്രി