കേരളം

സിഎഎക്കെതിരെ കേരളം സുപ്രിംകോടതിയിലേക്ക്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങിയതോടെ നിയമപോരാട്ടത്തിനു നീക്കവുമായി സംസ്ഥാന സർക്കാർ. വിജ്ഞാപനത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കാനാണ് ആലോചന. ഇതുമായി ബന്ധപ്പെട്ടു പുതിയ ഹർജി നൽകുന്ന കാര്യത്തിൽ നിയമോപദേശം തേടിയിട്ടുണ്ട്. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ഇന്ന് സുപ്രിംകോടതിയിൽ ഹർജി നൽകും.

2019ലാണ് പാർലമെന്റിൽ പൗരത്വ ഭേദഗതി നിയമം പാസാക്കുന്നത്. ഇതിനു പിന്നാലെ 2020 ജനുവരിയിൽ സംസ്ഥാന സർക്കാർ നിയമത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. നിയമം ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യ പിണറായി സർക്കാർ ഹർജി നൽകിയത്. ഇതിനു പിന്നാലെ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് പലയാവർത്തി മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇന്നലെ കേന്ദ്ര സർക്കാർ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയതിനു പിന്നാലെ ഇതേ നിലപാട് അദ്ദേഹം ആവർത്തിച്ചിരുന്നു.

പുതിയ സാഹചര്യത്തിൽ പഴയ ഹർജി മെൻഷൻ ചെയ്യുകയാണോ പുതിയ ഹർജി സമർപ്പിക്കുകയാണോ എന്നാണു സർക്കാർ ആലോചിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനായി സർക്കാർ നിയമോപദേശം തേടിയിരിക്കുകയാണ്. ഇതിനിടെയാണ്, പുതിയ വിജ്ഞാപനത്തിനെതിരെയും സുപ്രിംകോടതിയെ സമീപിക്കാൻ ലീഗ് തീരുമാനം. കേന്ദ്ര വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്നു തന്നെ ഹർജി നൽകുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button