ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമാമാങ്കത്തിനു നാളെ അരങ്ങുണരും
തിരുവനന്തപുരം : ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമാമാങ്കത്തിനു നാളെ അരങ്ങുണരും. 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിനു തുടക്കം കുറിച്ച് നാളെ രാവിലെ ഒമ്പതിന് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പതാക ഉയര്‍ത്തും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എംടി നിളയില്‍ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന് ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനാവും.
പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതം ആശംസിക്കും. മന്ത്രിമാരായ കെ. രാജന്, ജി.ആര്. അനില്‍, എ.കെ. ശശീന്ദ്രന്, റോഷി അഗസ്റ്റിന്, കെ.എന്‍. ബാലഗോപാല്‍ തുടങ്ങി 29 മുഖ്യാതിഥികള്‍ പങ്കെടുക്കും.
തുടര്‍ന്ന് ശ്രീനിവാസന് തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേര്‍ന്ന് അവതരിപ്പിക്കും. 15,000-ത്തില്‍ ഏറെ വിദ്യാര്‍ഥികള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കും.
വയനാട് വെള്ളാര്‍മല ജിഎച്ച്എസ്എസിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാണ്. ഉദ്ഘാടനത്തിനുശേഷം ഒന്നാംവേദിയില്‍ ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും.
ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങള്‍. ആകെ 25 വേദികളാണുള്ളത്. സെന്‍ട്രല്‍ സ്റ്റേഡിയമാണ് പ്രധാന വേദി. മത്സരവേദികള്‍ക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്. മത്സരങ്ങള്‍ തത്സമയം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും.