ഹരിയാന ഗുരുഗ്രാമിലെ രാസലഹരി ലഹരികേന്ദ്രം കണ്ടെത്തി കേരള പൊലീസ്; മൂന്ന് നൈജീരിയൻ സ്വദേശികളും പിടിയില്

കോഴിക്കോട് : ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് രാസലഹരി എത്തിച്ചിരുന്ന ഹരിയാന ഗുരുഗ്രാമിലെ ലഹരികേന്ദ്രം കണ്ടെത്തി കേരള പൊലീസ്. ഡൽഹി, ഹരിയാന പൊലീസിന്റെ സഹായത്തോടെയാണ് കോഴിക്കോട് ടൗൺ പൊലീസിന്റെ ഓപറേഷൻ. ഇവിടെ നിന്ന് മൂന്ന് നൈജീരിയൻ സ്വദേശികളെയും പിടികൂടി.
രാസലഹരിക്കെതിരെ ശക്തമായ നടപടികൾ നടക്കുന്നതിനിടെയാണ് കേസിൽ വഴിത്തിരിവായി ഉൽപാദന കേന്ദ്രം ആദ്യമായി കണ്ടെത്തുന്നത് . കഴിഞ്ഞ ഫെബ്രുവരിയിൽ കോഴിക്കോട് ടൗൺ പോലീസ് 778 ഗ്രാം എംഡിഎംഎയുമായി ഒരാളെ പിടികൂടിയിരുന്നു . ഇതിൻ്റെ തുടരന്വേഷണമാണ് രാസലഹരി കേന്ദ്രത്തിലേക്ക് എത്തിച്ചത് .
അന്ന് പിടിയിലായ പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചപ്പോൾ ഇയാൾ ലഹരി വസ്തുക്കൾ വാങ്ങിയത് നൈജീരിയൻ സ്വദേശിയിൽ നിന്നാണെന്ന് കണ്ടെത്തി. പണം ഹരിയാന , ഡൽഹി എന്നിവിടങ്ങളിലാണ് പിൻവലിച്ചത്. മൂന്ന് നൈജീരിയൻ സ്വദേശികൾ ഇതിന് പിന്നിലുണ്ടെന്നും വ്യക്തമായി . കേരള പൊലീസ് അറിയിച്ചത് അനുസരിച്ച് ഹരിയാന പൊലീസ് ലൊക്കേഷൻ പരിശോധിച്ച് നൈജീരിയൻ സ്വദേശികൾ താമസിക്കുന്ന സ്ഥലം റെയ്ഡ് ചെയ്തു .
ഇവിടെ നിന്നും ലഹരി വസ്തുക്കളുംമറ്റ് സാമഗ്രികളും കണ്ടെത്തി . ആറ് നൈജീരിയൻ സ്വദേശികൾ ഉൾപ്പടെ എട്ടു പേരെ അറസ്റ്റ് ചെയ്തു . തുടർന്നാണ് കോഴിക്കോട് ടൗൺ പൊലീസ് ഹരിയാനയിൽ എത്തി 3 പേരെ കസ്റ്റഡിയിൽ എടുത്തത്. പിടിയിലായവരിൽ ഒരു നൈജീരിയൻ സ്വദേശി ഒഴികെ മറ്റുള്ളവർക്ക് വിസയില്ല. ഒരു കോടിയിൽ അധികം വില വരുന്ന മയക്കുമരുന്നുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത് . ഡാർക്ക് വെബ് വഴിയാണ് ഇവർ ലഹരി വിൽപ്പന നടത്തിയിരുന്നത് . കോഴിക്കോട് എത്തിച്ച പ്രതികളെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചു . ഇവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും .