കേരളം
ഇനിമുതൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം, കലാമണ്ഡലം നിയമം മാറ്റുന്നു
തൃശൂർ: കേരള കലാമണ്ഡലത്തിൽ ഇനിമുതൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം. കലാമണ്ഡലം ഭരണസമിതിയാണ് തീരുമാനമെടുത്തത്. ലിംഗഭേദമില്ലാതെ എല്ലാവർക്കും അവസരം നൽകുമെന്നും ഭരണസമിതി അറിയിച്ചു. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും തിയറ്റർ ആൻഡ് പെർഫോമൻസ് മേക്കിങ്ങിലും പുതിയ കോഴ്സുകൾ ആരംഭിക്കാനും തീരുമാനിച്ചു.
കഴിഞ്ഞ ദിവസം ആർഎൽവി രാമകൃഷ്ണൻ കലാമണ്ഡലത്തിൽ മോഹിനിയാട്ടം അവതരിപ്പിച്ചിരുന്നു. ആൺ പെൺ വിവേചനമില്ലാതെ മോഹിനിയാട്ടം പഠിക്കാൻ കലാമണ്ഡലം അവസരമൊരുക്കണമെന്നും ആർഎൽവി രാമകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. നൃത്താധ്യാപിക സത്യഭാമ വംശീയമായി അധിക്ഷേപിച്ച ആർഎൽവി രാമകൃഷ്ണന് കലാമണ്ഡലം വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തിലാണ് മോഹിനിയാട്ടം അവതരിപ്പിക്കാൻ അവസരം നൽകിയത്.