കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറി; ഇത് കേരളത്തിന്റെ നേട്ടമെന്ന് പറയാന്‍ ചിലര്‍ക്ക് പ്രയാസം : മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍, ഈ സാമ്പത്തിക വര്‍ഷം വ്യവസായിക രംഗത്ത് കേരളം മികച്ച പുരോഗതി നേടി. ഇത് കേരളത്തിന്റെ നേട്ടമെന്ന് പറയാന്‍ ചിലര്‍ക്ക് പ്രയാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വലിയ തോതില്‍ നിഷേധരൂപത്തിലുള്ള പ്രചാരണങ്ങള്‍ അഴിച്ചുവിടാന്‍ വല്ലാത്ത താല്‍പ്പര്യം ചിലര്‍ കാണിക്കുന്നു. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് ഒരാള്‍ പരസ്യമായി പറയുകയാണ്. അദ്ദേഹം നമ്മുടെ സംസ്ഥാനത്ത് മന്ത്രിപദവിയുള്ള ആളാണെന്നും, പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഉദ്ദേശിച്ച് മുഖ്യമന്ത്രി പറഞ്ഞു.
അദ്ദേഹം നിയമസഭയില്‍ പ്രതിപക്ഷ നേതാവാണ്. അല്ലാതെ കേരളത്തിന്റെ പ്രതിപക്ഷമല്ലല്ലോ. അസംബ്ലിയില്‍ ഭരണപക്ഷം ഉള്ളതുകൊണ്ടാണ് പ്രതിപക്ഷവും വരുന്നത്. അത് ഭരണപക്ഷത്തിന്റെ മുന്നിലുള്ള പ്രതിപക്ഷമാണ്. അല്ലാതെ നാടിന്റെ പ്രതിപക്ഷമായി മാറരുത്. എല്‍ഡിഎഫിനോടുള്ള വിരോധം നാടിനോടും ജനങ്ങളോടും ആകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.