കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചട്ടം 300 പ്രകാരമാണ് നിയമസഭയില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്.
ഐക്യ കേരളം 69 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഈ വര്‍ഷത്തെ കേരളപ്പിറവി ദിനം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പുതുയുഗ പിറവിയുടെ ദിനമാണ്. അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ കഴിഞ്ഞു. ചരിത്രത്തില്‍ ഇടം നേടിയ ഒട്ടനവധി നയപ്രഖ്യാപനങ്ങള്‍ സഭയില്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഒന്നാണ് ഇത്. സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ചരിത്രപ്രാധാന്യമുള്ള കാര്യമായത് കൊണ്ടാണ് നിയമസഭ ചേര്‍ന്ന് ഇത് പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം നാടിനെയും ലോകത്തെയും അറിയിക്കാന്‍ ഉചിതമായ മാര്‍ഗം നിയമസഭ ചേര്‍ന്ന് പ്രഖ്യാപിക്കുന്നതാണ് എന്ന് കണ്ടാണ് നിയമസഭ ചേരാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഹത്തായ നേട്ടം കൈവരിച്ചതിന്റെ പ്രഖ്യാപനം കേരളപ്പിറവി ദിനമായ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ഈ ചടങ്ങില്‍ പങ്കാളികളാവും. പ്രതിപക്ഷനേതാവിനെ പരിപാടിയിലേക്ക് ക്ഷണിക്കും. ചലച്ചിത്രതാരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. പരിപാടിയ്ക്ക് ശേഷവും മുന്‍പും കലാവിരുന്നും അരങ്ങേറും.
പരിപാടിയുടെ വിജയത്തിനായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ചെയര്‍മാനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് പരിപാടി നടക്കുന്ന അതേസമയത്ത് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്.



