കേരളം
കേരള ബജറ്റ് 2026

സർക്കാർ ജീവനക്കാർക്ക് അഷ്വേര്‍ഡ് പെന്ഷന്
സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്ഷന് പദ്ധതിക്ക് പകരമായി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച അഷ്വേര്‍ഡ് പെന്ഷന് പദ്ധതിയുടെ വിശദാംശങ്ങള്‍ വിവരിച്ച് സംസ്ഥാന ബജറ്റ്. അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെന്‍ഷനായി ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്ന തരത്തിലാണ് അഷ്വേര്‍ഡ് പെന്ഷന്. നിലവിലുള്ള എന്‍പിഎസില്‍ നിന്നും അഷ്വേര്‍ഡ് പെന്‍ഷനിലേക്ക് മാറാന്‍ ഓപ്ഷനുണ്ടായിരിക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ജീവനക്കാരുടെയും സര്‍ക്കാരിന്റെയും വിഹിതം പ്രത്യേക ഫണ്ടായി മാനേജ് ചെയ്യുന്നതിന് സംവിധാനം ഉണ്ടാക്കും. അഷ്വേര്‍ഡ് പെന്ഷന് പദ്ധതി ഏപ്രില്‍ ഒന്നിന് നടപ്പില്‍ വരുത്തുന്നതിനുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഉത്തരവ് പുറത്തിറക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ജീവനക്കാരുടെ ഹൗസ് ബില്‍ഡിങ് അഡ്വാന്‍സ് സ്കീം പുനഃസ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
ഡിഎ കുടിശ്ശിക തീര്‍ക്കും
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും നിലവില്‍ അവശേഷിക്കുന്ന ഡിഎ, ഡിആര്‍ കുടിശ്ശിക പൂര്‍ണമായി കൊടുത്തുതീര്‍ക്കും
12-ാം ശമ്പള പരിഷ്കരണ കമ്മീഷന് പ്രഖ്യാപിച്ചു
12-ാം ശമ്പള പരിഷ്കരണ കമ്മീഷന് പ്രഖ്യാപിച്ചു. റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കും. സമയബന്ധിതമായി നടപ്പിലാക്കും
ഓട്ടോ സ്റ്റാന്റുകള്‍ സ്മാര്‍ട്ട് ഹബ്ബാക്കും; ഇ- ഓട്ടോ വാങ്ങുന്നവര്‍ക്ക് 40, 000 രൂപ സ്ക്രാപ്പേജ് ബോണസ്, കൂടാതെ പലിശ ഇളവും
സംസ്ഥാനത്തെ ഓട്ടോ സ്റ്റാന്‍ഡുകളെ സ്മാര്‍ട്ട് ഹബ്ബുകളാക്കി മാറ്റുമെന്ന് സര്‍ക്കാര്‍. പൊതുഗതാഗത സംവിധാനത്തിലെ നട്ടെല്ലാണ് ഓട്ടോറിക്ഷ തൊഴിലാളികള്‍. കേന്ദ്രസര്‍ക്കാര്‍ നയങ്ങളും ഇന്ധന വിലവര്‍ധന മൂലവും പ്രതിസന്ധി നേരിടുന്ന ഓട്ടോറിക്ഷ തൊഴില്‍ രംഗത്തെ സംരക്ഷിക്കാന്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.
പഴയ പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷകള്‍ പൊളിച്ച്, പുതിയ ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങുന്നവര്‍ക്ക് 40,000 രൂപ ഒറ്റത്തവണ സ്ക്രാപ്പേജ് ബോണസ് അനുവദിക്കും. ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങാനായി തെരഞ്ഞെടുത്ത പൊതുമേഖലാ ബാങ്കുകള്‍ വഴി എടുക്കുന്ന വായ്പകള്‍ക്ക് രണ്ടു ശതമാനം പലിശ ഇളവ് നല്‍കും. ഈ പദ്ധതികളുടെ നിര്‍വഹണത്തിനായി 20 കോടി രൂപ മാറ്റിവെക്കുന്നതായി ധനമന്ത്രി ബാലഗോപാല്‍ അറിയിച്ചു.
സംസ്ഥാനത്തെ മലിനീകരണം കുറയ്ക്കുന്നതിനും ഹരിത ഊര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ‘പരിസ്ഥിതി സൗഹൃദ ഓട്ടോറിക്ഷകള്‍’ വാങ്ങാനായി ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. പഴയ പെട്രോള്‍, ഡീസല്‍ ഓട്ടോകള്‍ മാറ്റി ഇലക്ട്രിക് ഓട്ടോകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമാണ് ബജറ്റ് പ്രഖ്യാപനം.
കേരളത്തിലെ 5000 ഓളം വരുന്ന അനൗപചാരിക ഓട്ടോ സ്റ്റാന്റുകളെ സ്മാര്‍ട്ട് മൈക്രോ ഹബ്ബുകളാക്കി മാറ്റാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഓരോ സ്ഥലത്തിനും അനുയോജ്യമായ തൊഴിലാളി സൗഹൃദ ഓട്ടോ സ്റ്റാന്‍ഡുകള്‍ നിര്‍മ്മിക്കും. അവിടെ സോളാര്‍ അധിഷ്ഠിത ചാര്‍ജിങ് യൂണിറ്റുകള്‍ ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കും. ഈ പദ്ധതിക്കായി 20 കോടി രൂപ നീക്കിവെക്കുന്നുവെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
തീർഥാടന റോഡ് വികസനം
പത്തനംതിട്ട – കോട്ടയം ജില്ലകളിലെ തീർഥാടന റോഡ് വികസനത്തിന് 15 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി
പൊതുവിദ്യാഭ്യാസത്തിന് 1128 കോടി രൂപ
പൊതുവിദ്യാഭ്യാസത്തിന് 1128 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി അറിയിച്ചു
അലവൻസ് വർധിപ്പിച്ചു
ലൈബ്രേറിയന്മാരുടെ പ്രതിമാസ അലവൻസ് ആയിരം രൂപ വർധിപ്പിച്ചു
പത്രപ്രവർത്തക പെൻഷൻ
പത്രപ്രവർത്തക പെൻഷൻ 1500 രൂപ വർധിപ്പിച്ചു
കൊച്ചി മെട്രോ
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 79.03 കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി അറിയിച്ചു
സംസ്ഥാനത്ത് പുതിയൊരു തുരങ്കപാത
കട്ടപ്പന മുതല്‍ തേനി വരെ തുരങ്കപാത പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കട്ടപ്പന മുതല്‍ തേനി വരെയുള്ള മലയോര പാതയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് തുരങ്ക പാത നിര്‍മ്മിക്കാനാണ് ആലോചിക്കുന്നത്. ഇതിന്റെ സാധ്യത പഠനം നടത്തുന്നതിനായി ബജറ്റില്‍ 10 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് അപകട ഇന്‍ഷുറന്‍സ്
ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് നല്‍കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി
ഉന്നത വിദ്യാഭ്യാസം സൗജന്യം
ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
ശബരിമല മാസ്റ്റര്‍ പ്ലാന്‍
ശബരിമല മാസ്റ്റര്‍ പ്ലാനിന് 30 കോടി രൂപ വകയിരുത്തി. ക്ലീന്‍ പമ്പയ്ക്ക് 30 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചതായും ധനമന്ത്രി പറഞ്ഞു.
വിരമിച്ചവര്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി
സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് മെഡിസെപ് മാതൃകയില്‍ പുതിയ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും
സൗജന്യ ചികിത്സ
റോഡ് അപകടത്തില്‍പ്പെടുന്നവര്‍ക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ധനമന്ത്രി. സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുത്ത ആശുപത്രികളിലുമാണ് സൗജന്യ ചികിത്സ ഉറപ്പാക്കുക എന്നും ധനമന്ത്രി വ്യക്തമാക്കി
മെഡിസെപ് 2.0 ഫെബ്രുവരി ഒന്നുമുതല്‍
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപിന്റെ രണ്ടാം ഘട്ടമായ മെഡിസെപ് 2.0 ഫെബ്രുവരി ഒന്നുമുതല്‍ ആരംഭിക്കും.
എംസി റോഡ് നാലുവരിയായി വികസിപ്പിക്കും
എംസി റോഡ് ആദ്യ ഘട്ട വികസനത്തിന് 5217 കോടി രൂപ കിഫ്ബിയിലൂടെ നീക്കിവെയ്ക്കും.
റാപ്പിഡ് റെയില്‍ നാലുഘട്ടം
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിര്‍ദിഷ്ട റാപ്പിഡ് റെയിലിന്റെ നിര്‍മ്മാണം നാലുഘട്ടമായെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ നിര്‍മ്മിക്കും. തൃശൂര്‍- കോഴിക്കോട് ആണ് രണ്ടാം ഘട്ടത്തില്‍. മൂന്നാം ഘട്ടമായി കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെ പാളം ഇടും. നാലാം ഘട്ടത്തില്‍ ഇത് കാസര്‍കോട് വരെ നീട്ടുമെന്നും ധനമന്ത്രി പറഞ്ഞു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി നൂറ് കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
വി എസ് സെന്റർ
അന്തരിച്ച മുൻമുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഓർമ്മയ്ക്കായി തിരുവനന്തപുരത്ത് വി എസ് സെന്റർ സ്ഥാപിക്കും
വയോജന സൗഹൃദ ബജറ്റ്
വയോജന സംരക്ഷണത്തിന് ഇത് എൽഡേർലി ബജറ്റ് എന്ന് ധനമന്ത്രി
വയനാട്ടിൽ വീടായി
വയനാട് ദുരന്ത ബാധിതർക്ക് ആദ്യ ബാച്ച് വീട് അടുത്ത മാസം ആദ്യ വാരം നൽകും
ഓണറേറിയം കൂട്ടി
തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഓണറേറിയം കൂട്ടി
തനത് നികുതി, നികുതിയേതര വരുമാനത്തില്‍ വര്‍ധന
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ തനത് നികുതി, നികുതിയേതര വരുമാനത്തില്‍ വര്‍ധന ഉണ്ടായതായി കെ എന്‍ ബാലഗോപാല്‍. തനത് നികുതി, നികുതിയേതര വരുമാനമായി 1,52,645 കോടി രൂപ അഞ്ചുവര്‍ഷം കൊണ്ട് അധികമായി പിരിച്ചെടുക്കാന്‍ സാധിച്ചതായും ബജറ്റ് പ്രസംഗത്തില്‍ കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
1,27, 747 കോടിയുടെ അധിക വരുമാനമാണ് തനത് നികുതി വരുമാനത്തിന്റെ കാര്യത്തില്‍ സൃഷ്ടിക്കാന്‍ സാധിച്ചത്. 2016-2021 വരെ പ്രതിവര്‍ഷ തനത് നികുതി വരുമാനം 47,453 കോടി രൂപയായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ശരാശരി തനത് നികുതി വരുമാനം 73,002 കോടിയായി ഉയര്‍ന്നു. ശരാശരി തനത് നികുതി വരുമാനം ഇനിയും ഉയരും. കേന്ദ്ര അവഗണനയ്ക്കിടയിലും പിടിച്ചുനില്ക്കാന് കഴിഞ്ഞത് ഈ വരുമാന വര്‍ധന വഴിയാണ്. ധനമന്ത്രിയുടെ കൈയിലെ മാന്ത്രിക ദണ്ഡ് ഇതാണെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
ന്യൂ നോര്‍മല്‍ കേരളമെന്ന് ധനമന്ത്രി
എല്ലാ മേഖലയിലും പുരോഗതി കൈവരിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മുഖ്യമന്ത്രി പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പെന്‍ഷനില്‍ 16 ലക്ഷം പേര് ചേര്‍ന്നു. ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ എല്ലാം നടപ്പാക്കി. അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനത്തില്‍ ആയിരം രൂപയുടെയും ഹെല്‍പ്പര്‍മാരുടെ പ്രതിമാസ വേതനത്തില്‍ 500 രൂപയുടെയും വര്‍ധന വരുത്തിയതായും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പ്രഖ്യാപിച്ചു. ആശാ വർക്കർമാരുടെ പ്രതിമാസ വേതനം ആയിരം രൂപ വര്‍ധിപ്പിച്ചു. പ്രീ പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനത്തില്‍ ആയിരം രൂപയുടെ വര്‍ധന വരുത്തിയതായും കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു.
ആര്‍ആര്‍ടിഎസ് കൊച്ചി മെട്രോയുടെ പാളത്തിലൂടെയും ഓടും
‘തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ആര്‍ആര്‍ടിഎസ് ആണ് വരുന്നത്. ഏത് പേരായാലും തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നമുക്കും നമ്മുടെ സഹോദരങ്ങള്‍ക്കും അടുത്ത തലമുറയ്ക്കും വേഗത്തില്‍ പോണം. അത് ഉണ്ടാവണം. വേഗത്തില്‍ സംസ്ഥാനത്തെ കണ്ക്ട് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ആര്‍ആര്‍ടിഎസും റെയില്‍വേയും തമ്മില്‍ ബന്ധമില്ല. ഇത് മെട്രോയിലും പോകും.ഡല്‍ഹി- മീററ്റ് ആര്‍ആര്‍ടിഎസ് പോലെയാണ് ഇവിടെയും വരിക. ഡല്‍ഹിയില്‍ നിന്ന് മെട്രോയില്‍ പോകും. ആ പാളം തന്നെ ഉപയോഗിച്ച് നീട്ടി മീററ്റില്‍ ചെല്ലും. മീററ്റില്‍ ചെന്നാല്‍ അവിടെയുള്ള പാളം ഉപയോഗിക്കും. മൊബിലിറ്റിയാണ് പ്രധാനം. കൊച്ചി മെട്രോയുടെയും വരാനിരിക്കുന്ന തിരുവനന്തപുരം മെട്രോയുടെയും പാളം ഉപയോഗിക്കും. ഇവിടെ പുതുതായി നിര്‍മ്മാണം വേണ്ടി വരില്ല. തിരുവനന്തപുരത്ത് നിന്ന് വരുന്ന ഒരാള്‍ക്ക് കൊച്ചി മെട്രോ ഉപയോഗിച്ച് കൊച്ചി വിമാനത്താവളത്തില്‍ എത്താന്‍ സാധിക്കും’- ബാലഗോപാല്‍ പറഞ്ഞു.



