കരുണാനിധിയുടെ മൂത്തമകന്‍ എംകെ മുത്തു അന്തരിച്ചു

ചെന്നൈ : തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ മൂത്തമകന്‍ എം കെ മുത്തു (77) അന്തരിച്ചു. ശനിയാഴ്ച രാവിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നടനും, ഗായകനുമായ എം കെ മുത്തു കരുണാനിധിയുടെ ആദ്യഭാര്യ പത്മാവതിയുടെ മൂത്ത മകനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ എം കെ സ്റ്റാലിന്റെ അര്‍ദ്ധ സഹോദരനുമാണ്.
എം കെ മുത്തുവിന്റെ മരണത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനുശോചിച്ചു. പിതാവിനെപ്പോലെ തന്നെ സ്‌നേഹിച്ചിരുന്നയാളാണ് സഹോദരന്‍ എന്ന് എം കെ സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു. കരുണാനിധിയുടെ പാത പിന്തുടര്‍ന്ന വ്യക്തിയാണ് എം കെ മുത്തു. കലാരംഗത്ത് നിന്നും രാഷ്ട്രീയത്തിലെത്തി. ദ്രാവിഡര്‍ക്ക് വേണ്ടി പോരാടി. സിനിമയില്‍ നായകനായി, ആദ്യ സിനിമയില്‍ ഇരട്ടവേഷം ചെയ്തു. തന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ അഭിമാനിച്ചിരുന്ന വ്യക്തിയായിരുന്നു. കലയും പാട്ടുകളുമായി ഞങ്ങളുടെ ഓര്‍മകളിലും ജനങ്ങളുടെ ഹൃദയത്തിലും അദ്ദേഹം ജീവിക്കും” എന്നായിരുന്നു സ്റ്റാലിന്റെ കുറിപ്പ്.
മുത്തുവിന്റെ മൃതദേഹം കരുണാനിധിയുടെ വസതിയായിരുന്ന ഗോപാലപുരത്ത് പൊതുദര്‍ശനത്തിന് വയ്ക്കും.