‘വയനാട്ടിൽ രക്ഷാപ്രവർത്തനം ദുഷ്കരം; 4 എൻ.ഡി.ആർ.എഫ് സംഘങ്ങൾ ഉച്ചയോടെ എത്തും’; മന്ത്രി കെ.രാജൻ
കല്‍പ്പറ്റ : വയനാട്ടിൽ രക്ഷാപ്രവർത്തനങ്ങൾക്കായി നാല് എൻ.ഡി.ആർ.എഫ് സംഘങ്ങൾ ഉച്ചയോടെ എത്തുമെന്ന് മന്ത്രി കെ രാജൻ. കാലാവസ്ഥ പ്രയാസമായതിനാൽ ഹെലികോപ്റ്ററുകൾ തിരിക്കാനായില്ല. എയർ ഫോഴ്സ് എത്തി ഫോട്ടോകൾ എടുത്തു തുടങ്ങിയിട്ടുണ്ട്. കൃത്രിമ പാലം ഉണ്ടാക്കി അവിടേക്ക് എത്താനുള്ള സൗകര്യം ഒരുക്കും.കൺട്രോൾ റൂമിൽ നിന്നുള്ള കൃത്യതയുള്ള വാർത്തകൾ എല്ലാവരും മനസിലാക്കുക. മുണ്ടക്കൈ വലിയ മലയുടെ താഴെയുള്ള പ്രദേശമാണ്. ചാലിയാറിൽ നിന്ന് മൃതദേഹങ്ങൾ കിട്ടിയിട്ടുണ്ട്.
കൃത്യമായ കണക്ക് പിന്നീട് പറയുമെന്നും രക്ഷാപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. മരണ സംഖ്യ 15 ആയി ഉയർന്നു. നാനൂറിലധികം പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും സൈന്യത്തെ രക്ഷാപ്രവർത്തനത്തിനായി എത്തിക്കണമെന്ന് ചൂരൽമല വാർഡ് മെമ്പർ സികെ നൂറുദ്ദീൻ ആവശ്യപ്പെട്ടു. ഹെലികോപ്റ്റർ വഴി മാത്രമേ രക്ഷാപ്രവർത്തനം നടക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.
വൈത്തിരി, കൽപ്പറ്റ, മേപ്പാടി, മാനന്തവാടി ആശുപത്രികൾ ഉൾപ്പെടെ എല്ലാ ആശുപത്രികളും സജ്ജമാണ്. രാത്രി തന്നെ എല്ലാ ആരോഗ്യ പ്രവർത്തകരും സേവനത്തിനായി എത്തിയിരുന്നു. കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സംഘത്തെ വയനാട്ടിൽ വിന്യസിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ ആരോഗ്യ സേവനം ലഭ്യമാവാൻ കൺട്രോൾ റൂം നമ്പറായ 8086010833, 9656938689 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.