കേരളം

ജസ്റ്റിസ് എസ് സിരിജഗന്‍ അന്തരിച്ചു

കൊച്ചി : കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ അധ്യക്ഷനുമായിരുന്ന ജസ്റ്റിസ് എസ് സിരിജഗന്‍ (74) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 9.30നാണ് അന്ത്യം. കൊല്ലം മയ്യനാട് സ്വദേശിയാണ്.

എറണാകുളം കടവന്ത്ര ചെറുപറമ്പത്ത് റോഡ് സ്റ്റാര്‍ പാരഡൈസ് അപ്പാര്‍ട്ട്മെന്റ് നാല്- സിയിലായിരുന്നു താമസം. മൃതദേഹം ഞായറാഴ്ച രാവിലെ ഒമ്പതുമുതല്‍ പകല്‍ മൂന്നുവരെ കടവന്ത്രയിലെ അപ്പാര്‍ട്ട്മെന്റില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. സംസ്‌കാരം വൈകീട്ട് നാലിന് രവിപുരം ശ്മശാനത്തില്‍.

തിരുവനന്തപുരം ഗവ. ലോ കോളജില്‍നിന്ന് നിയമബിരുദം നേടിയ സിരിജഗന്‍ കുസാറ്റില്‍നിന്ന് ബിരുദാനന്തര ബിരുദം നേടി. 2005ല്‍ ജഡ്ജിയായി. 2014ല്‍ കേരള ഹൈക്കോടതി ജഡ്ജിയായി വിരമിച്ചു. നിലവില്‍ കേരള ഹൈക്കോടതി നിയമിച്ച ശബരിമല ഉന്നതാധികാരസമിതിയുടെയും തെരുവുനായ ഇരകള്‍ക്കുള്ള നഷ്ടപരിഹാരം വിലയിരുത്തുന്നതിന് സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയുടെയും ചെയര്‍മാനും ന്യുവാല്‍സ് ആക്ടിങ് വൈസ് ചാന്‍സലറുമാണ്. ഭാര്യ: ഡോ. എം ജയലക്ഷ്മി (റിട്ട. ഇഎസ്ഐ ആശുപത്രി). മക്കള്‍: പ്രൊഫ. എസ് ജെസ്നി (എസ്എന്‍ കോളേജ്, ചേര്‍ത്തല), ഡോ. എസ് രോഷ്നി. മരുമക്കള്‍: ഉദയ് അനന്തന്‍ (ചലച്ചിത്ര സംവിധായകന്‍), ഡോ. എ കെ വിഷ്ണു (ലിസി ആശുപത്രി എറണാകുളം).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button