ദേശീയം

ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി : ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്‍ഡ്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവും. തെലങ്കാന സ്വദേശിയാണ്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പ്രഖ്യാപനം നടത്തി. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഖർഗെ പ്രതികരിച്ചു. ഐക്യകണ്ഠേനയാണ് ഇൻഡ്യാ സഖ്യം സുദർശൻ റെഡ്ഡിയെ തിരഞ്ഞെടുത്തത്.

സുപ്രീംകോടതി മുന്‍ ജഡ്ജിയായ സുദര്‍ശന്‍ റെഡ്ഡി ഗോവയുടെ ആദ്യ ലോകായുക്ത കൂടിയാണ്. തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക ഈ മാസം 21 ന് സമര്‍പ്പിക്കുമെന്ന് ഖാര്‍ഗെ വ്യക്തമാക്കി. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ആലോചനയുടെ ഭാഗമായി, എല്ലാ പ്രതിപക്ഷ പാര്‍ട്ടി എംപിമാരും നാളെ ഉച്ചയ്ക്ക് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ യോഗം ചേരുമെന്നും ഖാര്‍ഗെ അറിയിച്ചു.

ഐഎസ്ആര്‍ഒയുടെ മുന്‍ ശാസ്ത്രജ്ഞന്‍ എം അണ്ണാദുരൈ, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി, ഡിഎംകെ നേതാവ് തിരുച്ചി സെല്‍വ തുടങ്ങിയവരുടെ പേരുകളും നേരത്തെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നു കേട്ടിരുന്നു.

മഹാരാഷ്ട്ര ഗവര്‍ണറായ തമിഴ്‌നാട് സ്വദേശി സി പി രാധാകൃഷണനാണ് ബിജെപി- എന്‍ഡിഎ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി. തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ക്കൂടിയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള നേതാവിനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി നിര്‍ദേശിച്ചത്. ഇതോടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള രണ്ട് പേര്‍ തമ്മിലായിരിക്കും ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരം.

ആന്ധപ്രദേശിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച സുദര്‍ശന്‍ റെഡ്ഡി 1971 ലാണ് ഒസ്മാനിയ സര്‍വ്വകലാശാലയില്‍ നിന്ന് നിയമ ബിരുദം പാസായത്. ആന്ധ്രപ്രദേശ് ഹൈക്കോടതിയില്‍ പ്രക്ടീസ് ആരംഭിച്ച സുദര്‍ശന്‍ റെഡ്ഡി 1988 ല്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പ്ലീഡറായും പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായും നിയമിക്കപ്പെട്ടു. 1993 ല്‍ ആന്ധ്രപ്രദേശ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജായി ചുമതലയേറ്റെടുത്തു. 2005 ല്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായ സുദര്‍ശന്‍ റെഡ്ഡി 2007 ലാണ് സുപ്രീംകോടതി അഡീഷണല്‍ ജഡ്ജായി ചുമതലയേറ്റത്. 2011ല്‍ വിരമിച്ചു.

ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ ഇന്നലെ ചേർന്ന ഇൻഡ്യാസഖ്യം ചുമതലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയക്കാരനല്ലാത്ത പൊതുസമ്മതനായ ആളെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന നിര്‍ദേശമാണ് യോഗത്തില്‍ ഉയര്‍ന്നത്. വിജയസാധ്യതയില്ലെങ്കിലും രാഷ്ട്രീയ മത്സരം വേണം എന്നതുതന്നെയാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

വ്യാഴാഴ്ചയാണ് നാമനിര്‍ദ്ദേശപത്രിക നല്‍കാനുള്ള അവസാന തീയതി. സെപ്റ്റംബര്‍ ഒമ്പതിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. അന്നുതന്നെ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവെച്ചതിനെത്തുടര്‍ന്നാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എംപിമാരും ചേര്‍ന്നാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. രണ്ട് സഭകളിലും കൂടി 781 അംഗങ്ങളാണുള്ളത്. 391 വോട്ടുകള്‍ നേടുന്ന സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാനാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button