പേസ്‌വില്ലെയിൽ ജോബ്‌പ്ലസ് പരിശോധന; രേഖകളില്ലാതെ തൊഴിലെടുക്കുന്ന 30 ഓളം പേരെ കണ്ടെത്തി

പേസ്‌വില്ലെയിൽ നടന്ന പരിശോധനയിൽ വേണ്ടത്ര രേഖകളില്ലാതെ തൊഴിലെടുക്കുന്ന 30 ഓളം പേരെ കണ്ടെത്തി. മാൾട്ട പോലീസ് സേന- ഐഡന്റിറ്റി-ഡിറ്റൻഷൻ സർവീസസ് ഏജൻസി എന്നിവയുടെ സഹകരണത്തോടെ ജോബ്‌സ്‌പ്ലസിന്റെ നേതൃത്വത്തിൽ നടന്ന ഏകോപിത എൻഫോഴ്‌സ്‌മെന്റ് ഓപ്പറേഷനിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ജോബ്‌സ്‌പ്ലസ് അഡ്മിനിസ്ട്രേറ്റീവ് പിഴകൾ ചുമത്തി. ഈ വ്യക്തികളെ നിയമവിരുദ്ധമായി ജോലിക്കെടുത്തതിന് ഉത്തരവാദികളായ ഓപ്പറേറ്റർമാർക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.
പേസ്‌വില്ലെ പ്രദേശത്തെ പരിപാടികൾ, ക്ലബ്ബുകൾ, മറ്റ് വിനോദ വേദികൾ എന്നിവയ്‌ക്കുള്ള ടിക്കറ്റ് വിൽക്കുന്ന വ്യക്തികളെ ലക്ഷ്യമിട്ടുള്ള പരിശോധനകളാണ് നടന്നത്. ജൂലൈ 25 ന് നടന്ന ആദ്യ റൗണ്ട് പരിശോധനയിൽ, അധികാരികൾ 20 ഇറ്റാലിയൻ പൗരന്മാരെ ചോദ്യം ചെയ്തു. മാൾട്ടീസ് നിയമം അനുശാസിക്കുന്ന രെജിസ്ട്രേഷനില്ലാതെ ഈ വ്യക്തികൾ രണ്ട് വ്യത്യസ്ത ഓപ്പറേറ്റർമാർക്ക് വേണ്ടി ജോലി ചെയ്തിരുന്നതായി റിപ്പോർട്ടുണ്ട്. ജൂലൈ 26 നും 27 നും ഇടയിൽ നടത്തിയ പരിശോധനകളിൽ ആവശ്യമായ രജിസ്ട്രേഷൻ ഇല്ലാതെ ജോലി ചെയ്യുന്നതായി 13 വ്യക്തികൾ കൂടി കണ്ടെത്തി. കൂടാതെ, മൂന്ന് മൂന്നാം രാജ്യ പൗരന്മാർ സാധുവായ വർക്ക് പെർമിറ്റ് ഇല്ലാതെ ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.