‘ട്രാൻസ് വനിതകൾ സ്ത്രീകൾ അല്ല’; സിഗരറ്റ് വലിച്ച് മദ്യ ഗ്ലാസും പിടിച്ച് സന്തോഷം പങ്കുവച്ച് ജെ കെ റൗളിങ്

ലണ്ടന്‍ : ട്രാൻസ്ജെൻഡർ വനിതകൾ നിയമപ്രകാരം സ്ത്രീകളല്ലെന്ന യുകെ സുപ്രീം കോടതിയുടെ നിര്‍ണായക വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് എഴുത്തുകാരി ജെകെ റൗളിങ്. സ്ത്രീ എന്നതിന്റെ നിയമപരമായ നിർവചനം ജനന സമയത്തെ ഒരു വ്യക്തിയുടെ ലിംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ജസ്റ്റിസ് പാട്രിക് ഹോഡ്ജ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ബുധനാഴ്ച ഏകകണ്ഠമായി വിധിച്ചിരുന്നു.
സിഗരറ്റ് വലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു റൗളിങ്ങിന്റെ ആഹ്ലാദ പ്രകടനം. എ ടീം എന്ന യുഎസ് സീരിസിലെ, ജോർജ് പപ്പാർഡ് അവതരിപ്പിച്ച ജോൺ ഹാനിബൽ സ്മിത് എന്ന കഥാപാത്രത്തിന്റെ പ്രശസ്ത ഡയലോഗായ ‘I love it when a plan comes together’ എന്ന ഡയലോഗിനൊപ്പമാണ് റൗളിങ് പോസ്റ്റ് പങ്കുവച്ചത്.
“ഈ കേസ് സുപ്രീം കോടതിയിൽ എത്തിക്കാൻ മൂന്ന് അസാധാരണവും ദൃഢ നിശ്ചയമുള്ളതുമായ മൂന്ന് സ്കോട്ടിഷ് സ്ത്രീകളും അവരുടെ പിന്നാലെ നിൽക്കുന്ന വലിയൊരു സംഘവും വേണ്ടിവന്നു. അവർ വിജയിച്ചപ്പോൾ, സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ യുകെയിലാകെ സംരക്ഷിക്കപ്പെട്ടു. അഭിമാനം,’ എന്നാണ് മറ്റൊരു പോസ്റ്റില്‍ റൗളിങ് കുറിച്ചത്. മുൻപ് പലപ്പോഴും ട്രാന്‍സ് വിരുദ്ധ പരാമര്‍ശം നടത്തി രൂക്ഷമായി വിമര്‍ശനം നേരിടേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് ജെ കെ റൗളിങ്.
ആര്‍ത്തവശുചിത്വം സംബന്ധിച്ച ലേഖനത്തിന്റെ തലക്കെട്ടിനെ കളിയാക്കിയതാണ് വിവാദത്തിന് തുടക്കമായത്. പീപ്പിള്‍ ഹൂ മെന്‍സ്ട്രുവേറ്റ്’ (ആര്‍ത്തവമുള്ള ആളുകള്‍) എന്ന പ്രയോഗത്തിനു പകരം സ്ത്രീകള്‍ എന്നു പറഞ്ഞാല്‍ പോരേയെന്ന ചോദ്യത്തെ വിമര്‍ശിച്ച് ആരാധകരുള്‍പ്പെടെ രംഗത്തെത്തി. സ്ത്രീകള്‍ക്കു മാത്രമല്ല, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ആര്‍ത്തവമുണ്ടാകുമെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
“പീപ്പിള്‍ ഹൂ മെന്‍സ്ട്രുവേറ്റ്’, അതിനൊരു പേര് പറയുമായിരുന്നല്ലോ, വുംബെന്‍, വിംബണ്ട്, വൂമഡ്? സഹായിക്കൂ”- എന്നാണ് റൗളിങ് എക്സില്‍ കുറിച്ചത്. പിന്നാലെ ഹാരി പോട്ടര്‍ സിനിമയിലെ താരങ്ങളായ ഡാനിയേൽ റാഡ്ക്ലിഫ്, എമ്മ വാട്സൺ, റൂപർട്ട് ഗ്രിന്റ്, എഡ്ഡി റെഡ്മെയ്ൻ ഉള്‍പ്പെടെയുള്ളവര്‍ റൗളിങ്ങിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
പിന്നീട് അതിന്റെ പേരില്‍ ഒട്ടേറെ സംവാദങ്ങള്‍ നടന്നു. ട്രാന്‍സ് വിഭാഗത്തില്‍പ്പെടുന്നവരെ വനിതാ കായിക മത്സരങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിലും ജെ കെ റൗളിങ് രംഗത്ത് വന്നിരുന്നു. ഇതും വിവാദമായി മാറി. ട്രാന്‍സ് വനിത വിഭാഗത്തിലുള്ളവര്‍ക്ക് കായിക ക്ഷമത സ്ത്രീകളെ അപേക്ഷിച്ച് കൂടുതലായിരിക്കുമെന്നും ഇത് അനീതിയാണെന്നുമാണ് ജെ കെ റൗളിങ് പറഞ്ഞത്. അന്താരാഷ്ട്രതലത്തില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണിത്.
താന്‍ ട്രാന്‍സ് വിരുദ്ധതയല്ല പറഞ്ഞതെന്നും സ്ത്രീകളുടെ അവകാശത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും ജെ കെ റൗളിങ് പിന്നീട് വിശദീകരിച്ചു. 2010 ലെ യുകെ ‘ലിംഗ സമത്വ നിയമം’ (ഇഎ) അനുശാസിക്കുന്നത് പ്രകാരമാണ് സുപ്രീം കോടതി വിധിച്ചത്. അതേസമയം ഇഎ പ്രകാരം ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിവേചനത്തില്‍ നിന്ന് സംരക്ഷണം ലഭിക്കുമെന്ന് കോടതി പറഞ്ഞു.
സ്കോട്ലൻഡ് സര്‍ക്കാരും ‘ഫോര്‍ വിമന്‍ സ്‌കോട്ട്ലന്‍ഡ്’ (എഫ്ഡബ്ല്യുഎസ്) എന്ന സ്ത്രീ അവകാശസംഘടനയും തമ്മില്‍ വര്‍ഷങ്ങളായുള്ള നിയമ പോരാട്ടത്തിന്റെ പരിസമാപ്തിയാണ് വിധി. ലിംഗ മാറ്റത്തിലൂടെ സ്ത്രീയായി എന്നത് അംഗീകരിച്ചുള്ള സര്‍ട്ടിഫിക്കറ്റുകള്‍ (ജിആര്‍സി) ലഭിച്ച രാജ്യത്തെ ട്രാന്‍സ്‌ജെന്‍ഡറുകളെ സ്ത്രീയായി പരിഗണിക്കാനാവില്ലെന്ന് വിധി വ്യക്തമാക്കുന്നു. ട്രംപിന്റെ ഭരണത്തില്‍ യുഎസില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ അടിച്ചമര്‍ത്തല്‍ നേരിടുമ്പോഴാണിത്.