കേരളം

അമീറുല്‍ ഇസ്ലാമിന്റെ വധ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രതിയുടെ മനഃശാസ്ത്ര, ജയിൽ സ്വഭാവ റിപ്പോർട്ട് ഹാജരാക്കാൻ പരമോന്നത കോടതി നിർദ്ദേശം നൽകി.ശിക്ഷ ലഘൂകരിക്കാൻ കാരണങ്ങൾ ഉണ്ടെങ്കിൽ അതേക്കുറിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. മനഃശാസ്ത്ര പരിശോധനയ്ക്ക് തൃശൂർ മെഡിക്കൽ കോളജ് പ്രത്യേക സംഘത്തെ നിയോ​ഗിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ജസ്റ്റിസ് ആർഎസ് ​ഗവായി അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. അതേസമയം സ്വാഭാവിക നടപടി ക്രമമെന്നാണ് നിയമ വിദ​ഗ്ധർ വിധിയെക്കുറിച്ച് പ്രതികരിച്ചത്.കേസിൽ വിചാരണക്കോടതി വിധിച്ച വധ ശിക്ഷക്കെതിരെ അമീറുല്‍ ഇസ്ലാം നൽകിയ അപ്പീൽ ഇക്കഴിഞ്ഞ മെയ് മാസത്തിൽ ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്. കൊലപാതകം, ബാലാത്സം​ഗം, അതിക്രമിച്ചു കയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞത്.

2016 ഏപ്രിൽ 28ന് രാത്രി എട്ട് മണിയോടെയാണ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതിക്രൂരമായ ബലാത്സംഗത്തിനിരയായി മൃഗീയമായാണ് വിദ്യാർഥിനി കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കൊലയാളി ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് മെയ് എട്ടിന് പൊലീസിന് സൂചന ലഭിച്ചു. മെയ് 14ന് കൊലയാളിയുടെ ഡിഎൻഎ ഫലം പുറത്തുവന്നതാണ് കേസിൽ വഴിത്തിരിവായത്. ജൂൺ പതിനാലിനാണ് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തു നിന്നു അമീറുല്‍ ഇസ്ലാമിനെ പൊലീസ് പിടികൂടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button