ദേശീയം

‘പെന്‍ ഡേ’ ആഘോഷം : ഝാര്‍ഖണ്ഡിൽ നൂറിലേറെ വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പല്‍ ഷര്‍ട്ട് ഊരിമാറ്റി വീട്ടിലേക്ക് അയച്ചു

റാഞ്ചി : ഝാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ പത്താം ക്ലാസിലെ 100ലധികം വിദ്യാര്‍ഥിനികളോട് ഷര്‍ട്ട് അഴിച്ച് ബ്ലേസര്‍ മാത്രം ധരിച്ച് വീട്ടിലേക്ക് പോകാന്‍ പ്രിന്‍സിപ്പല്‍ നിര്‍ബന്ധിച്ചതായി പരാതി. കുട്ടികള്‍ ‘പെന്‍ ഡേ’ ആഘോഷിച്ചതിനാണ് പ്രിന്‍സിപ്പലിന്റെ വിവാദ നടപടി. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.

ജോറാപോഖര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ദിഗ്വാദിയിലെ ഒരു പ്രശസ്തമായ സ്‌കൂളില്‍ വെള്ളിയാഴ്ചയാണ് സംഭവം. പരീക്ഷ കഴിഞ്ഞ ശേഷം പത്താം ക്ലാസ് വിദ്യാര്‍ഥിനികള്‍ പരസ്പരം ഷര്‍ട്ടുകളില്‍ സന്ദേശങ്ങള്‍ എഴുതി പെന്‍ ഡേ ആഘോഷിച്ചതിന്റെ പേരിലാണ് പ്രിന്‍സിപ്പലിന്റെ ഭാഗത്ത് നിന്ന് വിവാദ നടപടിയെന്ന് മാതാപിതാക്കള്‍ ധന്‍ബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടികളെ ഷര്‍ട്ടുകള്‍ അടിയില്‍ ഇല്ലാതെ ബ്ലേസറുകള്‍ ധരിച്ച് വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും മാതാപിതാക്കള്‍ ആരോപിച്ചു.

പ്രിന്‍സിപ്പല്‍ പെന്‍ ഡേ ആഘോഷത്തെ എതിര്‍ക്കുകയും വിദ്യാര്‍ഥിനികളോട് ഷര്‍ട്ടുകള്‍ അഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സ്‌കൂളിന്റെ സല്‍പ്പേരിന് ഇത് കളങ്കമുണ്ടാക്കുമെന്ന് പറഞ്ഞായിരുന്നു പ്രിന്‍സിപ്പലിന്റെ നടപടി. കുട്ടികള്‍ ക്ഷമാപണം നടത്തി. എന്നാല്‍ എല്ലാ വിദ്യാര്‍ഥിനികളെയും ഷര്‍ട്ടുകള്‍ ഇല്ലാതെ ബ്ലേസറുകള്‍ ധരിച്ച് വീട്ടിലേക്ക് തിരിച്ചയച്ചതായി മാതാപിതാക്കളുടെ പരാതിയില്‍ പറയുന്നു.

‘പ്രിന്‍സിപ്പലിനെതിരെ നിരവധി രക്ഷിതാക്കള്‍ പരാതി നല്‍കി. പെണ്‍കുട്ടികളില്‍ ചിലരുമായും ഞങ്ങള്‍ സംസാരിച്ചു. ഭരണകൂടം വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്. വിഷയം അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്,’-ധന്‍ബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ മാധവി മിശ്ര പറഞ്ഞു.

സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ജില്ലാ സാമൂഹിക ക്ഷേമ ഓഫീസര്‍, സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കമ്മിറ്റി. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും ധന്‍ബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

‘സ്‌കൂള്‍ ക്യാംപസില്‍ വെച്ച് ഷര്‍ട്ടുകള്‍ ഊരിമാറ്റാന്‍ വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധിച്ചു, ചില സന്ദര്‍ഭങ്ങളില്‍ പുരുഷ അധ്യാപകര്‍ക്ക് മുന്നില്‍ വെച്ചാണ് ഷര്‍ട്ടുകള്‍ ഊരിമാറ്റാന്‍ നിര്‍ബന്ധിച്ചത്. പ്രിന്‍സിപ്പലിന്റെ പെരുമാറ്റത്തില്‍ ഭയന്ന്, പെണ്‍കുട്ടികള്‍ ക്യാംപസില്‍ വെച്ച് തന്നെ അനുസരിച്ചു. ചിലര്‍ മടിച്ചപ്പോള്‍ അവരെ നിര്‍ബന്ധിച്ചു. ഏകദേശം 20 വിദ്യാര്‍ഥിനികള്‍ക്ക് അധിക ഷര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും 100-ലധികം പെണ്‍കുട്ടികളെ ബ്ലേസറുകള്‍ മാത്രം ധരിച്ച് വീട്ടിലേക്ക് അയച്ചു,’-ഒരു രക്ഷിതാവ് ആരോപിച്ചു. സംഭവം നിരവധി വിദ്യാര്‍ഥിനികളെ മാനസികമായി തളര്‍ത്തിയതായും പലരും സ്‌കൂളിലേക്ക് മടങ്ങാന്‍ വിമുഖത പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button